71 ശതമാനം പേരും മലബാറിൽ; പ്ലസ് വൺ സീറ്റില്ലാത്തവർ 57,712
text_fieldsതിരുവനന്തപുരം: മലബാറിൽ പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന സർക്കാർ വാദം പൊളിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകരുടെ കണക്ക് പുറത്ത്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി 14 ജില്ലകളിലുമായി ആകെ ലഭിച്ചത് 57,712 അപേക്ഷകളാണ്. ഇതിൽ 40,945 അപേക്ഷകരും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നാണ്.
സംസ്ഥാനത്താകെ സീറ്റില്ലാത്ത മൊത്തം അപേക്ഷകരുടെ 70.94 ശതമാനവും മലബാറിലാണെന്ന് കണക്കുകളിൽ വ്യക്തം. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്താണ് ഏറ്റവും കൂടുതൽ അപേക്ഷകർ; 16881 പേർ. സംസ്ഥാനത്താകെ സീറ്റില്ലാത്തവരിൽ 29.25 ശതമാനവും മലപ്പുറത്താണ്. മലബാറിൽ സീറ്റില്ലാത്തവരിൽ 41.22 ശതമാനവും മലപ്പുറത്താണ്.
മലപ്പുറത്ത് സീറ്റിന്റെ കുറവില്ലെന്നായിരുന്നു ആദ്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ ഉൾപ്പെടെ പറഞ്ഞത്. വിദ്യാർഥി സംഘടനകളും മാധ്യമങ്ങളും കണക്കുകൾ പുറത്തുവിട്ടതോടെ മലപ്പുറത്ത് ഏഴായിരം സീറ്റിന്റെ കുറവുണ്ടെന്ന് മന്ത്രി നിലപാട് മാറ്റി. ഈ കണക്കും മറികടക്കുന്നതാണ് സപ്ലിമെന്ററി ഘട്ടത്തിലുള്ള അപേക്ഷകരുടെ എണ്ണം.
എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് േക്വാട്ട സീറ്റുകളിൽ ബാക്കിയുള്ളവ ഉൾപ്പെടെ മെറിറ്റിൽ ലയിപ്പിച്ചതടക്കം 6937 സീറ്റുകൾ ജില്ലയിൽ ഏകജാലക പ്രവേശനത്തിനായി ഒഴിവുണ്ട്. ഈ സീറ്റുകൾ പൂർണമായി പരിഗണിച്ചാൽ പോലും 9944 സീറ്റിന്റെ കുറവ് മലപ്പുറത്തുണ്ട്.
പാലക്കാട് ജില്ലയിൽ 8139 അപേക്ഷകർക്കായി ഇനിയുള്ളത് 3712 സീറ്റുകളാണ്. കുറവുള്ളത് 4427 സീറ്റ്. കോഴിക്കോട് ജില്ലയിൽ 7192 അപേക്ഷകർക്കായുള്ളത് 4888 സീറ്റുകളാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെല്ലാം അപേക്ഷകരേക്കാൾ കൂടുതൽ സീറ്റുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.