സമഗ്രശിക്ഷ കേരളക്ക് കീഴിൽ 740.52 കോടിയുടെ വിദ്യാഭ്യാസ പദ്ധതികൾ
text_fieldsതിരുവനന്തപുരം: സമഗ്രശിക്ഷ കേരളക്ക് (എസ്.എസ്.കെ) കീഴിൽ 740.52 കോടി രൂപയുടെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഗവേണിങ് കൗൺസിൽ യോഗം അംഗീകാരം നൽകി. പാർശ്വവത്കൃത മേഖലയിലും ഗോത്രമേഖലക്കും ഭിന്നശേഷി മേഖലക്കും ഗുണകരമാകുന്ന നൂതന പിന്തുണ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ മന്ത്രി നിർദേശം നൽകി.
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷ കേരളയുടെ വാർഷിക പദ്ധതി രേഖയിൽ എലമെന്ററി മേഖലയിൽ 535.07 കോടി രൂപയും സെക്കൻഡറി വിഭാഗത്തിൽ 181.44 കോടിയും ടീച്ചർ എജുക്കേഷന്‍ 23.80 കോടിയും അടങ്ങുന്നതാണ് ഗവേണിങ് കൗൺസിൽ അംഗീകരിച്ച 740.52 കോടിയുടെ വാർഷിക പദ്ധതി ബജറ്റ് . ഭിന്നശേഷി കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും ഓട്ടിസം കേന്ദ്രങ്ങളുടെയും കിടപ്പിലായ കുട്ടികളുടെയും ഉൾപ്പെടെ ഈ മേഖലയിലെ പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിനായി 144.93 കോടിയുടെ പദ്ധതികളാണ് തയാറാക്കിയത്. പ്രീസ്കൂൾ വിദ്യാഭ്യാസത്തിന് 21.46 കോടിയുടെയും സൗജന്യ യൂനിഫോം, പാഠപുസ്തകങ്ങൾ എന്നിവക്കായി 116.75 കോടിയുടെയും പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണിക്കുമായി 22.46 കോടിയുടെയും പദ്ധതി തയാറാക്കിയിട്ടുണ്ട്.
2023-24 അക്കാദമിക വർഷത്തിൽ സമഗ്രശിക്ഷ കേരളം വഴി നടപ്പാക്കേണ്ട പദ്ധതികൾ കൗൺസിൽ യോഗം അംഗീകരിച്ചു. ഏപ്രിലിൽ ഡൽഹിയിൽ നടക്കുന്ന വാർഷിക പദ്ധതി സമർപ്പണ ശിൽപശാലയിൽ കേരളത്തിന്റെ പദ്ധതികൾ അംഗീകാരത്തിനായി അവതരിപ്പിക്കും. ഗവേണിങ് കൗൺസിൽ യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.