75 ‘പ്ലസ് വൺ’: ശ്രീദേവി അമ്മ പരീക്ഷയെഴുതുകയാണ്
text_fieldsഅലനല്ലൂർ (പാലക്കാട്): എസ്.എസ്.എൽ.സി പരീക്ഷ പാസായി 56 വർഷങ്ങൾക്കുശേഷം പ്ലസ് വൺ തുല്യത പരീക്ഷ എഴുതുന്നതിന്റെ ആവേശത്തിലാണ് ശ്രീദേവി അമ്മ.
ആദ്യദിനം ഇംഗ്ലീഷ് പരീക്ഷയായിരുന്നു. അധ്യാപകർ പഠിപ്പിച്ച വിഷയങ്ങൾ മാത്രം വന്നതിനാൽ എഴുതാൻ സാധിച്ചെന്നും ചില ചോദ്യങ്ങൾ കുറച്ചാലോചിച്ച് എഴുതേണ്ടതായിരുന്നതിനാൽ അതിന് സമയം കിട്ടിയില്ലെന്നും ശ്രീദേവി അമ്മ പറഞ്ഞു. 1968ൽ 254 മാർക്കോടെ മലപ്പുറം പാണ്ടിക്കാട് പയ്യപറമ്പ് ഗവ. ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചെങ്കിലും വിവാഹശേഷം തുടർപഠനത്തിന് സാധിച്ചില്ല.
കൂടെ പഠിച്ചവരിൽ പലരും ജോലി നേടി. തനിക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭർതൃവീട്ടിൽ അതിനുള്ള അവസരമുണ്ടായില്ല. പഠനത്തിന്റെ പഴയ മധുരങ്ങളിലേക്ക് തിരിച്ചുനടക്കുകയാണ് 76ാം വയസ്സിൽ ശ്രീദേവി അമ്മ. കഥ, കവിത, പാട്ട് രചനയിൽ കഴിവുള്ള ഇവർക്ക് ഇംഗ്ലീഷിലും പ്രാവീണ്യമുണ്ട്.
പരേതരായ പുത്തൻവീട്ടിൽ വേലു നായരുടെയും ദേവകിയുടെയും മകളാണ്. പരേതനായ രാമചന്ദ്രനാണ് (അപ്പുണ്ണി) ഭർത്താവ്. മക്കൾ: സുരേഷ് ബാബു, ജയപ്രകാശ്, ശ്രീലത. രമ്യ, രാധാമണി, ശിവദാസൻ എന്നിവരാണ് മരുമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.