ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം
text_fieldsസംസ്ഥാനത്തെ 39 ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളുകളിൽ (ടി.എച്ച്.എസ്) 2024-25 വർഷത്തെ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകുന്നതാണ് ഈ പാഠ്യപദ്ധതിയുടെ പ്രത്യേകത. അഭിരുചിക്കിണങ്ങിയ തൊഴിൽ വൈദഗ്ധ്യം നേടാൻ വിദ്യാർഥികളെ പ്രാപ്തമാക്കുന്നു. 8, 9, 10 ക്ലാസുകൾ പാസാകുന്നവർക്ക് ടെക്നിക്കൽ ഹൈസ്കൂൾ സർട്ടിഫിക്കറ്റ് (ടി.എച്ച്.എസ്.എൽ.സി) ലഭിക്കും. എസ്.എസ്.എൽ.സിക്ക് തുല്യമാണിത്. ടി.എച്ച്.എസുകാർക്ക് പോളിടെക്നിക് ഡിപ്ലോമ കോഴ്സിൽ 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങൾക്കൊപ്പം അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും പരിശീലനവും നൽകും. 9,10 ക്ലാസുകളിൽ എൻജിനീയറിങ് വിഷയങ്ങളും പഠിപ്പിക്കും. കൂടെ തൊഴിൽ പരിശീലനവും. പഠനമാധ്യമം ഇംഗ്ലീഷായിരിക്കും.
അപേക്ഷകർ ഏഴാം ക്ലാസ് പൂർത്തിയാക്കണം. 2024 ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയാകരുത്.
ശാരീരികക്ഷമതയും സാങ്കേതിക അഭിരുചിയും ഉണ്ടാകണം.
പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.polyadmission.org/thsൽ. ഓൺലൈനായി ഏപ്രിൽ മൂന്നുവരെ അപേക്ഷിക്കാം.
ഏപ്രിൽ അഞ്ച് വെള്ളിയാഴ്ച രാവിലെ 10 മുതൽ 11.30 മണി വരെ അതത് ടെക്നിക്കൽ ഹൈസ്കൂളിൽ അഭിരുചി പരീക്ഷ നടത്തി മെരിറ്റ് ലിസ്റ്റ് തയാറാക്കി ഏപ്രിൽ ഒമ്പതിന് ഉച്ചക്ക് രണ്ടുമണിക്ക് പ്രസിദ്ധപ്പെടുത്തും. നിശ്ചയിച്ച ദിവസം രക്ഷകർത്താവിനോടൊപ്പം ഹാജരായി പ്രവേശനം നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.