മൂന്നു മക്കളും സാക്ഷി; ഡോക്ടറാകാൻ ആബിദ
text_fieldsപന്തീരാങ്കാവ് (കോഴിക്കോട്): രാത്രി വൈകിയും ഉമ്മ ഉറങ്ങാതെ പുസ്തകം വായിച്ചിരിക്കുമ്പോൾ യു.കെ.ജി വിദ്യാർഥിനി ഫാത്തിമ റിദ് വ ചോദിക്കും ഉമ്മയെന്തിനാണ് പഠിക്കുന്നതെന്ന്. ഡോക്ടറാവാനെന്നായിരിക്കും മറുപടി. ഇതു പലതവണ കേട്ടതോടെ കാണുന്നവരോടെല്ലാം അവൾ പറഞ്ഞു തുടങ്ങി, എന്റെ ഉമ്മ ഡോക്ടറാവുമെന്ന്. നമ്മൾ എന്തു ചിന്തിക്കുന്നുവോ അതായി തീരുമെന്ന് പറയാറുണ്ട്, പെരുമണ്ണ പാറമ്മൽ കൊട്ടരൊടി നിലം മുഹമ്മദ് റാസിയുടെ ഭാര്യ സി.വി. ആബിദയുടെ കാര്യത്തിൽ ഇത് അക്ഷരംപ്രതി ശരിയാണ്. വിവാഹം കഴിഞ്ഞ് മൂന്നു കുട്ടികളുടെ ഉമ്മയായതോടെ ഡോക്ടർ ആവുക എന്ന പഠനകാലത്തെ ആഗ്രഹം വഴിയിൽ ഉപേക്ഷിച്ചതായിരുന്നു ആബിദ.
പക്ഷേ സ്വപ്നം മനസ്സിൽനിന്നിറങ്ങി പോവാതെ പിന്തുടർന്നതോടെ ഇരുപത്തിഅഞ്ചാം വയസ്സിൽ ആബിദ ഡോക്ടർ പഠനത്തിനിറങ്ങുകയാണ്. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിലെ തൊഴിലാളിയായ ഭർത്താവ് മുഹമ്മദ് റാസിയുടെ പിന്തുണ ലക്ഷ്യം കൈവരിക്കുന്നതിന് വലിയ പ്രചോദനമായതായി ആബിദ പറയുന്നു.ചക്കുംകടവ് ചീരാം വീട് അബ്ബാസ് -അസ്മാബി ദമ്പതികളുടെ മകളായ ആബിദ 2014ലാണ് പ്ലസ് ടു പൂർത്തിയാക്കുന്നത്. അടുത്തവർഷം മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയെങ്കിലും 6000 മായിരുന്നു റാങ്ക്. ഇതിനിടയിൽ വിവാഹം. അടുത്തവർഷവും ശ്രമിച്ചെങ്കിലും പരീക്ഷയെ ഗൗരവമായി കാണാനായില്ല.
വൈകാതെ മകളെ പ്രസവിച്ചതോടെ പഠനം തുടരാനുള്ള തീരുമാനം മാറ്റിവെക്കുകയായിരുന്നു. രണ്ടു വർഷത്തിനുശേഷം ആബിദ വീണ്ടും ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകി. സ്വപ്നത്തിനു മുന്നിൽ ഒന്നും പ്രതിബന്ധമല്ലെന്ന് തെളിയിച്ച്, നീറ്റ് പരീക്ഷയിൽ വിജയം നേടി തിങ്കളാഴ്ച ആബിദ പരിയാരം മെഡിക്കൽ കോളജിൽ ദന്തപഠനം തുടങ്ങുകയാണ്. ആഗ്രഹിച്ചത് എം.ബി.ബി.എസ് ആയിരുന്നെങ്കിലും മെറിറ്റിൽ കിട്ടിയ ബി.ഡി.എസ് സീറ്റ് ഉേപക്ഷിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പച്ചക്കറി മാർക്കറ്റിലെ ജോലി ഉപേക്ഷിച്ച് മൂന്നു പെൺമക്കളുമായി റാസി ആബിദക്ക് താങ്ങായി കണ്ണൂരിലുണ്ട്. കഴിഞ്ഞ ദിവസം ചെറിയൊരു വീട് വാടകക്കെടുത്ത് അവിടെ താമസം തുടങ്ങി. കുട്ടികളെ അടുത്തുള്ള ഏതെങ്കിലും സ്കൂളിൽ ചേർക്കണം. ഒപ്പം ജീവിക്കാൻ മറ്റൊരു ജോലി കണ്ടെത്തുകയും വേണം. എത്ര പ്രയാസപ്പെട്ടാലും തന്റെ സ്വപ്നം പൂവണിയിക്കാൻ റാസി ഒപ്പമുണ്ടാവുമെന്ന ഉറപ്പുണ്ട് ആബിദക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.