കാലിക്കറ്റിൽ അക്കാദമിക് മാനേജ്മെന്റ് സംവിധാനം വരുന്നു; ഗവേഷകര്‍ക്ക് റിസര്‍ച് പോര്‍ട്ടല്‍
text_fieldsതേഞ്ഞിപ്പലം: അക്കാദമിക മേഖലയിലെ നവീകരണത്തിനും മികവിനുമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ അക്കാദമിക് മാനേജ്മെന്റ് സംവിധാനം നടപ്പാക്കുന്നു. പഠനവകുപ്പുകളെയും പരീക്ഷഭവന് ഉള്‍പ്പെടെയുള്ള ഓഫിസുകളെയും സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കുന്നത്. പ്രത്യേക സോഫ്റ്റ്വെയര് സഹായത്തോടെ ഗവേഷകരുടെ രജിസ്ട്രേഷന് മുതല്‍ പ്രബന്ധ സമര്‍പ്പണം വരെയുള്ള കാര്യങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനും പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം ഫലം പ്രസിദ്ധീകരിക്കാന്‍ ബാര്‍കോഡിങ് സമ്പ്രദായം എല്ലാ പരീക്ഷക്കും ബാധകമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.
ഗവേഷക വിദ്യാർഥികൾക്ക് സര്‍വകലാശാല നല്കുന്ന ഫെലോഷിപ് വിശദാംശങ്ങളും റിസര്‍ച് പോര്‍ട്ടലില്‍ ലഭിക്കും. ആവശ്യമെങ്കില്‍ ഗവേഷണ വിഷയം മാറ്റാനും ഓരോ വിഷയത്തിലെയും ഗവേഷണ അവസരങ്ങള്‍ അറിയാനും റിസര്‍ച് പോര്‍ട്ടല്‍ സഹായകരമാകും. പുതിയ കോഴ്സുകള്‍, സിലബസ് പരിഷ്കരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. പരീക്ഷഭവനുമായി ബന്ധിപ്പിക്കുന്ന സംവിധാനത്തിലൂടെ സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ പരീക്ഷകള്‍ക്ക് വരുന്നതും ചോദ്യക്കടലാസുകള്‍ പരസ്പരം മാറിപ്പോകുന്നതുമായ സാഹചര്യം ഇല്ലാതാക്കാനാകും. പരീക്ഷകള്‍ കുറ്റമറ്റരീതിയില്‍ നടത്തുന്നതിന് ആരംഭിച്ച ചോദ്യബാങ്കും ഗുണകരമാണ്.
കോളജ് പോര്‍ട്ടലിലൂടെ ഇതിനകം നൂറ്റിയിരുപതിലധികം അധ്യാപകര്‍ അവരവരുടെ മേഖലയിലെ ചോദ്യങ്ങള്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ചോദ്യബാങ്കില്‍നിന്ന് ബ്ലൂം ടാക്സോണമിയിലൂടെ വ്യത്യസ്ത ചോദ്യങ്ങള്‍ തയാറാക്കാം. ഇതിലൂടെ പരീക്ഷകള്‍ക്ക് സമാനമായ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാനാകും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ഥാപിക്കുന്ന ഓട്ടോമേറ്റഡ് സ്റ്റോറേജ് റീട്രൈവല് സംവിധാനത്തിന്റെ സഹായത്തോടെ ബാര്‍കോഡിങ്ങിലൂടെ ആവശ്യമായ ഉത്തരക്കടലാസുകള്‍ പെട്ടെന്ന് ലഭ്യമാക്കി പുനര്‍മൂല്യനിര്‍ണയം നടത്താനും ഫലം പ്രഖ്യാപിക്കുന്നത് വേഗത്തിലാക്കാനും നടപടി തുടരുകയാണ്. സര്‍വകലാശാല പരീക്ഷഭവന് സമീപം മൂല്യനിര്ണയകേന്ദ്രത്തിന്റെയും മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാനുള്ള ഓട്ടോമേറ്റഡ് സ്റ്റോറേജ് റീട്രൈവല് സംവിധാനത്തിന്റെയും പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.