അക്കാദമിക നിലവാരം: സ്കൂളുകൾക്ക് ഗ്രേഡ് ആലോചനയിൽ -മന്ത്രി ശിവൻകുട്ടി
text_fieldsപെരിന്തൽമണ്ണ: സംസ്ഥാനത്ത് പഠന - പാഠ്യേതര കാര്യങ്ങൾ പരിശോധിച്ച് സ്കൂളുകൾക്ക് ഗ്രേഡ് നൽകാൻ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങൾ വലിയ തോതിൽ വർധിച്ചെന്നും ഇനി അക്കാദമിക നിലവാരമാണ് കൂടേണ്ടതെന്നും ആരോഗ്യകരമായ മത്സരത്തിന് ഗ്രേഡ് സമ്പ്രദായം ഉപകരിക്കുമെന്നും പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ മന്ത്രി പറഞ്ഞു.
ഇതിന്റെ പ്രവർത്തങ്ങൾക്ക് മാർഗരേഖ തയാറാക്കും. അധ്യാപക - രാഷ്ട്രീയ സംഘടനകളുമായി ചർച്ച നടത്തും. കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിക്കുന്ന സ്കൂൾ, കായിക മേഖലയിൽ കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്ന സ്കൂൾ, കൂടുതൽ പേരെ മത്സര പരീക്ഷയിൽ വിജയിപ്പിക്കുന്ന സ്കൂൾ തുടങ്ങിയവ ഗ്രേഡ് കണക്കാക്കുന്നതിൽ മാനദണ്ഡമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സംസ്കാരം, പാരമ്പര്യം, മതേതരത്വം, ഭരണഘടന എന്നിവയിലൂന്നിയാവും പാഠപുസ്തകങ്ങൾ തയാറാക്കുക.സ്കൂൾപഠനസമയം രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്ന് വരെയെന്നത് ഖാദർകമ്മിറ്റിയിലെ നിർദേശം മാത്രമാണ്. സമൂഹവുമായി ചർച്ച നടത്തിയേ ഇത്തരം കാര്യങ്ങൾ നടപ്പാക്കൂ.
കേന്ദ്ര വിദ്യാഭ്യാസ നയം സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാനാവില്ല. വിദ്യാർഥികളെ പലവിധ വലയിൽപെടുത്തുന്ന കണ്ണികളുള്ളതിനാൽ അധ്യാപകർക്ക് ഓരോ കുട്ടിയുടെയും കുടുംബപശ്ചാത്തല വിവരങ്ങൾ പൂർണമായി അറിയാനാവണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.