മെഡിക്കൽ സീറ്റുകൾ ഏറ്റെടുക്കൽ: റിപ്പോർട്ട് നൽകാൻ കമീഷണറെയും ഡി.എം.ഇയെയും ചുമതലപ്പെടുത്തി
text_fieldsതിരുവനന്തപുരം: മെഡിക്കൽ യു.ജി, പി.ജി സീറ്റുകളിലെ പ്രവേശനം പൂർണമായും കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും (ഡി.എം.ഇ) പ്രവേശന പരീക്ഷ കമീഷണറെയും ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
സംസ്ഥാന ക്വോട്ട സീറ്റിലേക്കുള്ള അലോട്ട്മെന്റും കേന്ദ്ര സർക്കാറിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ഏറ്റെടുക്കുന്നത് വഴിയുണ്ടാകാവുന്ന ഗുണങ്ങളും ദോഷങ്ങളും ഇരുവരും സർക്കാറിനെ അറിയിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം ഇതുസംബന്ധിച്ച സംസ്ഥാന സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കേന്ദ്രസർക്കാർ നേരിട്ട് നടത്തുന്ന കൗൺസലിങ് സംബന്ധിച്ച് വ്യക്തത വരുത്താനും പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്.
മെഡിക്കൽ യു.ജി (എം.ബി.ബി.എസ്) കോഴ്സിൽ സംസ്ഥാന സർക്കാർ അലോട്ട്മെന്റ് നടത്തിയിരുന്ന 85 ശതമാനം സീറ്റുകളും പി.ജി (എം.ഡി/എം.എസ്) സീറ്റുകളിൽ 50 ശതമാനവും കേന്ദ്രം ഏറ്റെടുക്കുന്നതുവഴി കേരളത്തിലെ വിദ്യാർഥികളെ കൗൺസലിങ്ങിൽ ബാധിക്കുമോ എന്നതുൾപ്പെടെ വിവരങ്ങളാണ് പ്രവേശന പരീക്ഷ കമീഷണർ റിപ്പോർട്ടിൽ അറിയിക്കേണ്ടത്. കേരളത്തിൽ പിന്തുടരുന്ന സംവരണമുൾപ്പെടെ കാര്യങ്ങളിൽ കേന്ദ്രസർക്കാർ അലോട്ട്മെന്റ് ഏതു രീതിയിൽ പ്രതിഫലിക്കുമെന്നതും പ്രവേശന പരീക്ഷ കമീഷണർ അറിയിക്കണം.
മെഡിക്കൽ വിദ്യാഭ്യാസത്തിൽ കേന്ദ്രസർക്കാർ അലോട്ട്മെന്റ് വഴിയുണ്ടാകാനിടയുള്ള പ്രശ്നങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും അറിയിക്കണം. ഇതുകൂടി പരിഗണിച്ച് സംസ്ഥാന സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കും.
അഖിലേന്ത്യ ക്വോട്ട സീറ്റുകൾക്കുപുറമെ, സംസ്ഥാനങ്ങൾ നേരിട്ട് പ്രവേശനം നടത്തുന്ന സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കു കൂടി എം.സി.സി വഴി കൗൺസലിങ് നടത്താനുള്ള കേന്ദ്ര നിർദേശം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. മെഡിക്കൽ യു.ജി, പി.ജി പ്രവേശനത്തിനുള്ള നടപടികൾ പ്രവേശന പരീക്ഷ കമീഷണർ തുടങ്ങിയതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസസ് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
സംസ്ഥാനങ്ങൾ പിന്തുടരുന്ന സംവരണ രീതിയുടെ വിശദാംശങ്ങൾ അറിയിക്കാനും സംസ്ഥാനതലത്തിൽ കൗൺസലിങ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രാവീണ്യമുള്ള നോഡൽ ഓഫിസറുടെ പേര് നിർദേശിക്കാനുമാണ് കേന്ദ്രം കത്തിലൂടെ ആവശ്യപ്പെട്ടത്. യോഗത്തിൽ മന്ത്രിക്കു പുറമെ, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡി.എം.ഇ ഡോ. തോമസ് മാത്യു, പ്രവേശന പരീക്ഷ കമീഷണർ ഇംപശേഖർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.