സമയബന്ധിത പരീക്ഷഫലവും ബിരുദവും അവകാശമാക്കാൻ നിയമം
text_fieldsതിരുവനന്തപുരം: സമയബന്ധിതമായി കോഴ്സ് പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കുന്നതും ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നതും വിദ്യാർഥിയുടെ അവകാശമാക്കി സർവകലാശാല നിയമങ്ങളിൽ ഉൾപ്പെടുത്താൻ ശിപാർശ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ.ശ്യാം ബി. മേനോൻ കമീഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് ശിപാർശയുള്ളത്.
വിദ്യാർഥികളുടെ അവകാശങ്ങൾ നിയമപരമാക്കാൻ സർവകലാശാല നിയമത്തിൽ ഉൾപ്പെടുത്തി 'വിദ്യാർഥി അവകാശപത്രം' (ചാർട്ടർ ഓഫ് സ്റ്റുഡന്‍റ് റൈറ്റ്സ്) നടപ്പാക്കണമെന്നും കമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ ന്യായയുക്തവും സമയബന്ധിതവുമായി കൈമാറുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് വ്യവസ്ഥ ശിപാർശ ചെയ്തത്.
സർവകലാശാലകളിൽ കൃത്യമായ അക്കാദമിക് കലണ്ടർ ഇല്ലാത്തത് വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കലാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടുന്നു. അധ്യയനം തുടങ്ങി മാസങ്ങൾ കഴിഞ്ഞാലും പ്രവേശനം പൂർത്തിയാക്കുന്നില്ല. പാഠ്യേതര പ്രവർത്തനങ്ങൾ അക്കാദമിക് കലണ്ടറുമായി ചേർത്തുവെച്ച് ആസൂത്രണം ചെയ്യണം.
ഇതിന്‍റെ അഭാവം അധ്യയനത്തിന് മതിയായ സമയം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കാനും പരീക്ഷ അനിശ്ചിതമായി വൈകാനും ഇടയാക്കുന്നു. വിദ്യാർഥികൾ സർട്ടിഫിക്കറ്റ്, സ്കോളർഷിപ് പോലുള്ള ആവശ്യങ്ങൾക്കായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. ഇതു വിദ്യാർഥികളുടെ ഉപരിപഠന സാധ്യതയെ ദോഷകരമായി ബാധിക്കുന്നു.
കേരളത്തിലെ സർവകലാശാലകൾ ബിരുദങ്ങൾ പരസ്പരം അംഗീകരിക്കാത്തതും വിദ്യാർഥികൾക്ക് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് ബിരുദം നേടിവരുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നു. സ്ഥാപനങ്ങൾക്കിടയിൽ അക്കാദമിക് ക്രെഡിറ്റ് ട്രാൻസ്ഫറിനുള്ള അവസരം നിഷേധിക്കുന്നു. മാന്യമായ വിദ്യാർഥി ജീവിതത്തിണ് സ്ഥാപനപരമായ സമ്പ്രദായം കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ഥാപനങ്ങളിൽ സൗജന്യ ഇന്‍റർനെറ്റ് സേവനം വിദ്യാർഥികളുടെ അവകാശമാക്കണം. യു.ജി.സി ജെ.ആർ.എഫ്/ എസ്.ആർ.എഫ് മാതൃകയിൽ പ്രതിവർഷം 100 സംസ്ഥാന റിസർച് ഫെലോഷിപ് നടപ്പാക്കണം. മറ്റ് ഫെലോഷിപ്പില്ലാത്ത ഗവേഷകർക്ക് പ്രതിമാസം 15,000 രൂപയുടെ ഫെലോഷിപ് ഏർപ്പെടുത്തണം. രാജ്യത്തിനകത്തും പുറത്തുമുള്ള കോൺഫറൻസുകളിൽ പങ്കെടുക്കാൻ ഗവേഷകർക്ക് ട്രാവൽ ഫണ്ട് അനുവദിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റു ശിപാർശകൾ
•കോഴ്സുകൾ വിലയിരുത്താൻ വിദ്യാർഥികൾക്ക് അവസരം നൽകണം.
• പൊതുവായതും സ്ഥിരതയുള്ളതുമായ അക്കാദമിക് കലണ്ടർ
• കോഴ്സ് തെരഞ്ഞെടുപ്പിനുള്ള വർധിച്ച അവസരം
•അന്തർസർവകലാശാല മാറ്റത്തിന് മാർഗനിർദേശം.
• അക്കാദമിക് ക്രെഡിറ്റ് ബാങ്ക് രൂപവത്കരണം.
• പ്രധാന കേന്ദ്രങ്ങളിൽ എക്സ്റ്റൻഷൻ സെന്‍റർ സൗകര്യത്തോടെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെന്‍റർ രൂപവത്കരണം.
• ലളിത പലിശ വ്യവസ്ഥയിൽ സ്ഥാപനങ്ങൾ മെറിറ്റ്-കം മീൻസ് ലോൺ സ്കോളർഷിപ് പദ്ധതി നടപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.