കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം: ലഭിച്ചവർക്ക് മലപ്പുറത്തിന്റെ അനുമോദനം
text_fields• ഡൽഹിയിലെ വിവിധ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ രക്ഷിതാക്കളായി കേരളത്തിലെ എം.പിമാരുണ്ടാവും. എന്ത് ആവശ്യത്തിനും വിളിക്കാം -ഇ.ടി. മുഹമ്മദ് ബഷീർ എം.പി
• ഐ.ഐ.ടികളുൾപ്പെടെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം മലപ്പുറത്തെ വിദ്യാർഥികൾ നിറഞ്ഞുനിൽക്കണം. തുടക്കക്കാരാണ് വരാനുള്ളവർക്ക് പ്രചോദനം -കലക്ടർ വി.ആർ. പ്രേംകുമാർ
മലപ്പുറം: മലപ്പുറം നഗരസഭയുടെ പദ്ധതിയായ 'മിഷൻ തൗസൻഡ്' പ്രകാരം കേന്ദ്ര സർവകലാശാലകളിൽ ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അനുമോദനം. നഗരസഭ സംഘടിപ്പിച്ച ചടങ്ങിലാണ് 45 വിദ്യാർഥികൾക്കും വിവിധ കാമ്പസുകളിലേക്ക് യാത്രയാവുന്നതിന് മുമ്പ് ഉപഹാരങ്ങൾ നൽകിയത്.
അഞ്ച് വർഷത്തിനകം 1000 പേരെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് അർഹരാക്കി രാജ്യത്തെ എജുക്കേഷൻ ഹബാക്കി നഗരസഭ പ്രദേശത്തെ മാറ്റുക എന്നതാണ് മിഷൻ തൗസൻഡ് പദ്ധതിയുടെ ലക്ഷ്യം.
അടുത്ത വർഷം മുതൽ കേന്ദ്ര സർവകലാശാലകളുടെ പ്രവേശന പരീക്ഷയായ സി.ഇ സെറ്റ് പരിശീലനം നഗരസഭയിലെ മുഴുവൻ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും സൗജന്യമായി നൽകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിൽ കാണാൻ ആഗ്രഹിക്കുന്നവരുടെ യാത്രച്ചെലവ് ഉൾപ്പെടെയുള്ളവ നഗരസഭ വഹിക്കും. അനുമോദനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. കലക്ടർ വി.ആർ. പ്രംകുമാർ, ജില്ല വികസന കമീഷണർ പ്രേംകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി.
നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ഫൗസിയ കുഞ്ഞിപ്പു, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. അബ്ദുൽ ഹക്കീം, മറിയുമ്മ ശരീഫ്, സിദ്ദീഖ് നൂറേങ്ങൽ, കെ.കെ. ആയിഷാബി, പി.കെ. സക്കീർ ഹുസൈൻ, കൗൺസിലർമാരായ സി. സുരേഷ്, സി.എച്ച്. നൗഷാദ്, സെക്രട്ടറി നാസർ വലിയാട്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.