അഫിലിയേഷൻ, കരാർ ഉത്തരവുകൾ ഇറങ്ങിയില്ല; എൻജിനീയറിങ് പ്രവേശനം വൈകുന്നു
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ കോളജുകളുടെ അഫിലിയേഷൻ നടപടികൾ പാതിവഴിയിലായതോടെ എൻജിനീയറിങ് പ്രവേശന നടപടികൾ അനിശ്ചിതത്വത്തിൽ. സർവകലാശാല നിയോഗിക്കുന്ന വിദഗ്ദ സമിതി സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഫിലിയേഷൻ നൽകുന്നത്.
എ.ഐ.സി.ടി.ഇ അംഗീകാരവും സാങ്കേതിക സർവകലാശാലയുടെ അഫിലിയേഷനുമുള്ള കോളജുകളിലേക്ക് മാത്രമേ പ്രവേശന പരീക്ഷ കമീഷണർക്ക് അലോട്ട്മെന്റ് നടത്താനാകൂ. അഫിലിയേഷനുള്ള കോളജുകളുടെ പട്ടിക സാങ്കേതിക സർവകലാശാല ഇതുവരെ പ്രവേശന പരീക്ഷ കമീഷണർക്ക് കൈമാറിയിട്ടില്ല. വിദഗ്ദ സമിതിയുടെ പരിശോധന പൂർത്തിയായെന്ന് പറയുന്നുണ്ടെങ്കിലും അഫിലിയേഷൻ ഉത്തരവ് നൽകിയിട്ടില്ല.
കോളജുകളുടെ അഫിലിയേഷന് പുറമെ 92 കോളജുകൾ പുതിയ കോഴ്സുകൾക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇതിനും സർവകലാശാലയുടെ അംഗീകാരം വേണം. അതിലും അന്തിമ തീരുമാനമായിട്ടില്ല. സർവകലാശാല അഫിലിയേഷനുള്ള കോളജുകളെ മാത്രമേ ഓപ്ഷൻ ക്ഷണിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്താനാവൂ.
അഫിലിയേഷന് പുറമെ സ്വകാര്യ സ്വാശ്രയ കോളജുകളുമായുള്ള സീറ്റ് പങ്കിടൽ കരാർ ഉത്തരവായി ഇറങ്ങിയിട്ടില്ല. സർക്കാറും മാനേജ്മെന്റുകളും ചർച്ച നടത്തി പഴയ ഫീസ് ഘടന തുടരാൻ ധാരണയായെങ്കിലും കരാർ ഒപ്പിട്ട് ഉത്തരവിറക്കിയിട്ടില്ല. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ലഭിച്ചാലേ പ്രവേശന നടപടി ആരംഭിക്കാനാകൂ.
എൻജി. റാങ്ക് പട്ടിക ജൂൺ 19ന് പ്രസിദ്ധീകരിച്ചിട്ടും പ്രവേശനം വൈകുന്നതിൽ വിദ്യാർഥികൾക്കിടയിലും ആശങ്കയുണ്ട്. ഇത് സംസ്ഥാനത്തിന് പുറത്തേക്ക് നീങ്ങാൻ വിദ്യാർഥികളെ പ്രേരിപ്പിക്കും. കേരളത്തിലെ വിദ്യാർഥികളെ പിടിക്കാൻ ഇതര സംസ്ഥാന കോളജുകളുടെ ഏജൻസികളും രംഗത്തുണ്ട്. ഇതൊരു ആശങ്കയായി സ്വാശ്രയ കോളജുകൾ പങ്കുവെക്കുന്നുമുണ്ട്.
സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിൽ എൻട്രൻസ് യോഗ്യതയില്ലാത്തവർക്ക് പ്രവേശനം നൽകാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതുവഴി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ കുറയുമെന്ന പ്രതീക്ഷയിലായിരുന്നു കോളജുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.