രണ്ടുവർഷത്തെ ഇടവേളക്കുശേഷം സ്കൂൾ വാർഷിക പരീക്ഷ നാളെ മുതൽ
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ അധ്യയനം പൂർത്തിയാക്കി സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും.
പരീക്ഷ ഏപ്രിൽ രണ്ടിനാണ് അവസാനിക്കുക. ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ. അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകൾക്ക് എസ്.സി.ഇ.ആർ.ടിയും എസ്.എസ്.കെയും തയാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് വാർഷിക പരീക്ഷ.
എൽ.പി ക്ലാസിലെ കുട്ടികൾ പരീക്ഷ ദിവസങ്ങളിൽ ക്രയോണുകൾ, കളർ പെൻസിൽ തുടങ്ങിയവ കരുതണം. അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളിൽനിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽനിന്ന് കൂടുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ ചോദ്യ പേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും.
സംസ്ഥാന സിലബസിൽ പഠിക്കുന്ന 34,37,570 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പൂർണ അർഥത്തിലുള്ള വാർഷിക പരീക്ഷ നടക്കുന്നത്. 2020 വാർഷിക പരീക്ഷകൾ പാതിവഴിയിൽ നിൽക്കവെയാണ് കോവിഡ് വ്യാപനത്തെതുടർന്ന് സ്കൂളുകൾ അടച്ചത്. ബാക്കി പരീക്ഷകൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ അധ്യയനവർഷം സ്കൂളുകൾ പൂർണമായും അടഞ്ഞുകിടന്നതിനാൽ വാർഷിക പരീക്ഷ നടത്തിയിരുന്നില്ല. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് പൂർണമായും ക്ലാസ് കയറ്റം നൽകുകയായിരുന്നു.
രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഈ മാസം 30നും എസ്.എസ്.എൽ.സി പരീക്ഷ 31നും ആരംഭിക്കും. ഇവരുടെ മോഡൽ പരീക്ഷകൾ 16ന് തുടങ്ങി തിങ്കളാഴ്ച പൂർത്തിയായി. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയുന്നരീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.