കാർഷിക സർവകലാശാലയിൽ അഗ്രി ബിസിനസ് മാനേജ്മെന്റ് എം.ബി.എ
text_fieldsകാർഷികോൽപാദന-വ്യാവസായിക മേഖലകളിൽ അത്ഭുതകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് അഗ്രി ബിസിനസ് മാനേജ്മെന്റിന്റെ വരവോടെയാണ്. ഭക്ഷ്യോൽപാദന- വിപണനരംഗത്ത് അതിവേഗ വളർച്ചക്കും സാമ്പത്തിക മുന്നേറ്റത്തിനും ചാലകശക്തിയായത് അഗ്രി ബിസിനസ് മാനേജർമാരും. മനുഷ്യവിഭവശേഷി അഗ്രി ബിസിനസ് മേഖലക്ക് അനുയോജ്യമായി വികസിപ്പിച്ചെടുക്കുന്ന പ്രഫഷനൽ പാഠ്യപദ്ധതിയാണ് അഗ്രി ബിസിനസ് മാനേജ്മെന്റ് എം.ബി.എ.
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ വെള്ളാനിക്കര കോളജ് ഓഫ് കോഓപറേഷൻ ബാങ്കിങ് ആൻഡ് മാനേജ്മെന്റ് 2024-25 വർഷം നടത്തുന്ന ദ്വിവത്സര റെഗുലർ എം.ബി.എ (അഗ്രി-ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈനായി ജൂൺ ഒന്നുവരെ അപേക്ഷിക്കാം. വിജ്ഞാപനം www.admissions.kau.inൽ. അപേക്ഷാഫീസ് 750 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി 375 മതി. ഓൺലൈനായി ഫീസടക്കാം.
ആകെ 40 സീറ്റ്. കാർഷിക പ്രഫഷനൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. മറ്റ് ബിരുദക്കാരെയും പരിഗണിക്കും. എസ്.എസ്.എൽ.സി മുതൽ ബിരുദംവരെ എല്ലാ പരീക്ഷകളും 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
2023 നവംബറിനും 2024 ഏപ്രിലിനും മധ്യേ നടത്തിയ കെമാറ്റ്/സിമാറ്റ്/ഐ.ഐ.എം കാറ്റ് പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. ഇതിന്റെ സ്കോർ അടിസ്ഥാനത്തിൽ (80 ശതമാനം വെയിറ്റേജ്) ഗ്രൂപ് ചർച്ചയും (10 ശതമാനം) വ്യക്തിഗത അഭിമുഖവും (10 ശതമാനം) നടത്തിയാണ് സെലക്ഷൻ.
സെമസ്റ്റർ ട്യൂഷൻ ഫീസ് 25,000 രൂപയാണ്. കാമ്പസ് പ്ലേസ്മെന്റ് സൗകര്യം ലഭിക്കും. ഫുഡ് പ്രോസസിങ്, ഡെയറിങ്, അഗ്രോ മെഷിനറി, ഓർഗാനിക് ഫാംസ്, പ്ലാന്റേഷൻ ഇൻഡസ്ട്രി, അഗ്രി-ഇൻഫോർമാറ്റിക്സ്, ബാങ്കിങ്, ഇൻഷുറൻസ് മുതലായ മേഖലകളിൽ എക്സിക്യൂട്ടിവ്, അഗ്രി ബിസിനസ് മാനേജർ, സ്പെഷലിസ്റ്റ് ഓഫിസർ മുതലായ തസ്തികകളിൽ ജോലിസാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.