എയ്ഡഡ് കോളജുകൾക്ക് കൽപിത സർവകലാശാല പദവി നൽകില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് ഇടതുമുന്നണി പച്ചക്കൊടി കാണിച്ചെങ്കിലും നിലവിലുള്ള എയ്ഡഡ് സ്ഥാപനങ്ങളെ സ്വകാര്യ സർവകലാശാലയാക്കുന്നതിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദസമിതിയുടെ റിപ്പോർട്ട് നിർണായകമാകും. സർക്കാർ ശമ്പളം നിലനിർത്തി സ്വകാര്യ കൽപിത സർവകലാശാല പദവിക്കായി രണ്ട് എയ്ഡഡ് സ്വയംഭരണ കോളജുകൾ ഉൾപ്പെടെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ എയ്ഡഡ് പദവി നിലനിർത്തി കൽപിത സർവകലാശാല പദവി നൽകേണ്ടതില്ലെന്ന നിലപാടാണ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ളവർ പെങ്കടുത്ത പാർട്ടി ശിൽപശാലയിൽ ധാരണയായത്.
എയ്ഡഡ് കോളജുകൾക്ക് കൽപിത സർവകലാശാല പദവി നൽകുന്നതോടെ ഇവ സംസ്ഥാന നിയമങ്ങളുടെ പരിധിക്ക് പുറത്താവുകയും യു.ജി.സി റെഗുലേഷൻ ബാധകമാവുകയും ചെയ്യും. മെറിറ്റനുസരിച്ചുള്ള വിദ്യാർഥി പ്രവേശനവും സർക്കാർ നിശ്ചയിച്ച ഫീസുമാണ് എയ്ഡഡ് കോളജുകൾക്ക് ബാധകം. കൽപിത സർവകലാശാലയാകുന്നതോടെ സ്വന്തം നിലക്ക് വിദ്യാർഥി പ്രവേശനവും ഇഷ്ടമുള്ള ഫീസ് നിർണയവും നടത്താനാവും. ഇതോടെ എയ്ഡഡ് കോളജുകളുമായുള്ള 1974ലെ ഡയറക്ട് പേമെൻറ് എഗ്രിമെൻറ് വ്യവസ്ഥകൾ ഇൗ കോളജുകളുടെ കാര്യത്തിൽ നടപ്പാക്കാനാകാതെവരും. ഡയറക്ട് പേമെൻറ് എഗ്രിമെൻറ് പ്രകാരമാണ് എയ്ഡഡ് കോളജുകളിൽ സർക്കാർ ശമ്പളം നൽകുന്നത്.
എയ്ഡഡ് സ്ഥാപനങ്ങൾക്ക് കൽപിത സർവകലാശാല പദവി നൽകുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്തുമെന്നാണ് സി.പി.എം ശിൽപശാല വിലയിരുത്തിയത്. എന്നാൽ വിശ്വാസ്യതയും ഗുണനിലവാരവും തെളിയിച്ച സ്ഥാപനങ്ങൾക്ക് സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകാമെന്നും പാർട്ടി നിലപാടെടുത്തു. ഇതിനായി പ്രത്യേക നിയമനിർമാണം വേണമെന്നും പാർട്ടിതലത്തിൽ ധാരണയായിരുന്നു. ചീഫ് സെക്രട്ടറി വി.പി. ജോയ്, എം.ജി. സർവകലാശാല വി.സി േഡാ. സാബു തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, അംബേദ്കർ സർവകലാശാല മുൻ വി.സി ഡോ. ശ്യാം ബി. മേനോൻ എന്നിവർ അംഗങ്ങളായ സമിതിയാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് പഠനം നടത്തുന്നത്.
നേരത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് സർക്കാർ പുതിയ സമിതിയെ നിയോഗിച്ചത്.
ആറ് അപേക്ഷകർ
കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, സീറോ മലങ്കര കാത്തലിക് ചർച്ച്, തൃശൂർ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ്, പാലക്കാട് അഹല്യ ഹെൽത്ത്, ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജ്, തൃശൂർ വടക്കേമഠം ബ്രഹ്മസ്വം എന്നിവരുടെ അപേക്ഷയാണ് കൽപിത സർവകലാശാലക്കായി സർക്കാറിന് മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.