എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ നയം നടപ്പാക്കണമെന്ന് സുപ്രീംകോടതി; എൻ.എസ്.എസിനും ക്രിസ്ത്യൻ മാനേജ്മെൻറുകൾക്കും തിരിച്ചടി
text_fieldsന്യൂഡൽഹി: എൻ.എസ്.എസിനും ക്രിസ്ത്യൻ മാനേജ്മെൻറുകൾക്കും തിരിച്ചടിയായ നിരീക്ഷണത്തിൽ സർക്കാറിൽനിന്ന് തുക സ്വീകരിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ നയം നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമങ്ങൾ നടപ്പാക്കാൻ കഴിയാത്തവർക്ക് പണം നൽകുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സുപ്രീംകോടതിയുടെ രൂക്ഷമായ പ്രതികരണത്തെ തുടർന്ന് എയ്ഡഡ് സ്കൂളുകളിലും കോളജുകളിലും ഭിന്നശേഷിക്കാർക്ക് സംവരണം നൽകണമെന്ന ഹൈകോടതി ഉത്തരവിനെതിരെ നായർ സർവിസ് സൊസൈറ്റിയും കത്തോലിക്കാ മാനേജ്മെൻറ് കൺസോർട്യവും സമർപ്പിച്ച ഹരജികൾ സ്വമേധയാ പിൻവലിച്ചു. ജനറൽ അടക്കം ഏതു വിഭാഗത്തിൽ സർവിസിൽ കയറിയാലും ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിനും സംവരണത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ച ദിവസംതന്നെയാണ് കാത്തലിക് സ്കൂൾ മാനേജ്മെൻറ് കൺസോർട്യവും, എൻ.എസ്.എസ് കോളജുകളുടെ സെൻട്രൽ കമ്മിറ്റിയും സുപ്രീംകോടതിയിലെത്തിയത്.
ഭിന്നശേഷിക്കാരുടെ സംവരണത്തിനായി സംസ്ഥാന സർക്കാർ 2018 നവംബർ 18ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാറിൽനിന്ന് ഫണ്ട് സ്വീകരിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ നയം നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് എസ്.കെ. കൗളിെൻറ നേതൃത്വത്തിെല ബെഞ്ച് ഒാർമിപ്പിച്ചു. സർക്കാർ നിയമങ്ങൾ നടപ്പാക്കാൻ കഴിയാത്തവർക്ക് പണം നൽകുന്നത് അവസാനിപ്പിക്കാൻ സർക്കാറിനോടും ബെഞ്ച് ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാർക്ക് സംവരണം നൽകണമെന്ന സർക്കാർ നിലപാടിൽ പരാതിയുണ്ടെങ്കിൽ അതുമായി കേരള സർക്കാറിനെതന്നെ സമീപിക്കാനും എൻ.എസ്.എസിനോടും ക്രിസ്ത്യൻ മാനേജ്മെൻറിനോടും സുപ്രീംകോടതി നിർദേശിച്ചു. ഇൗ പരാമർശങ്ങളെ തുടർന്നാണ് കാത്തലിക് സ്കൂൾ മാനേജ്മെൻറ് കൺസോർട്യവും, എൻ.എസ്.എസ് കോളജുകളുടെ സെൻട്രൽ കമ്മിറ്റിയും ഹരജി പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.