എയ്ഡഡ് മേഖലാ സംവരണം: സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ച് തുടർ നടപടിയെന്ന് കെ. രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: എയ്ഡഡ് മേഖലയിൽ എസ്.സി- എസ്.ടി ഉദ്യോഗാർഥികൾക്ക് സംവരണം നൽകുന്ന കാര്യത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ച് മാത്രമേ തുടർ തുടർനടപടി സ്വീകരിക്കുവാൻ കഴിയുകയുള്ളൂവെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. നിയമസഭയിൽ എ.പി. അനിൽകുമാർ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിവിധ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്നതുമായ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ യു.ജി.സി. നിർദേശപ്രകാരം പട്ടികജാതി പട്ടികവർഗ ഉദ്യോഗാർഥികൾക്ക് സംവരണം അനുവദിക്കണമെന്ന് ഹൈകോടതിയുടെ വിധിന്യായമുണ്ടായി. എന്നാൽ ഇതിനെതിരെ ഏതാനും എയ്ഡഡ് കോളജ് മാനേജ്മെന്റുകൾ ഫയൽ ചെയ്ത റിട്ട് അപ്പീലുകളിന്മേൽ വിധിന്യായം മാനേജുമെന്റുകൾക്ക് അനുകൂലമായിരുന്നു. ഈ വിധിക്കെതിരെ ഫയൽ ചെയ്ത എസ്.എൽ.പി (സ്പെഷ്യൽ ലീവ് പെറ്റീഷൻ) നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലും, വിവിധ സർവകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ്/ട്രെയിനിങ് കോളജുകളിലും, അറബിക് കോളജുകളിലും, നിയമനാധികാരി അതാത് സ്കൂൾ/കോളജ് മാനേജര്‍മാരാണ്. എയ്ഡഡ് സ്കൂളുകളില്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന യോഗ്യതയുള്ളവരെ നിയമിക്കാനധികാരമുണ്ട്.
സർക്കാരും എയ്ഡഡ് കോളജ് മാനേജ്മെന്റുകളുമായിട്ടുള്ള ഡയറക്ട് പേയ്മെന്റ് എഗ്രിമെന്റ് പ്രകാരം എജ്യൂക്കേഷൻ ഏജൻസിക്ക് 50 ശതമാനം ഒഴിവുകൾ മെരിറ്റടിസ്ഥാനത്തിലും ബാക്കിയുള്ള 50 ശതമാനം ഒഴിവുകൾ സ്വസമുദായത്തിൽ നിന്നും നിയമനം നടത്താവുന്നതാണ്. കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളിലെ സ്റ്റാറ്റ്യൂട്ടുകളിലും മേൽ വിധത്തിലാണ് നിയമനത്തിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ സർക്കാർ സർവീസിലെ നിയമനങ്ങളില്‍ കേരള സ്റ്റേറ്റ് ആൻഡ് സബോര്‍ഡിനേറ്റ് സർവീസിലെ റൂള്‍സ് ഭാഗം രണ്ടിലെ 14 മുതല്‍ 17-വരെ വ്യവസ്ഥകള്‍ പ്രകാരം പട്ടികജാതി പട്ടികവഗ വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സര്‍ക്കാര്‍ സർവീൽ എസ്.സി- എസ്.ടി പ്രാതിനിധ്യം പരിശോധിക്കുന്നതിനും, മതിയായ സംവരണം ഇല്ലാത്ത തസ്തികകളില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തി സംവരണം ക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.