വിജ്ഞാന ഗോപുരമായി ദക്ഷിണേന്ത്യയിലെ അലീഗഢ്
text_fieldsദക്ഷിണേന്ത്യയിലെ അലീഗഢ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളജ് 75 വർഷങ്ങൾ പിന്നിടുമ്പോൾ മലബാറിന്റെ വിദ്യാഭ്യാസ മേഖലയിലെ നെടുന്തൂണുകളിലൊന്നായി നിലകൊള്ളുകയാണ്. വിദ്യാഭ്യാസ മേഖലയിൽ തീർത്തും പിന്നാക്കമായ ഒരു സമുദായത്തിന് കരുത്തുപകരാൻ അറിവല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് തിരിച്ചറിഞ്ഞ നവോത്ഥാന നായകരുടെയും പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും അശ്രാന്ത പരിശ്രമഫലമാണ് ഈ മഹാ സ്ഥാപനം. ഒരു കാലഘട്ടത്തിന്റെയും ജനസമൂഹത്തിന്റെയും സ്വപ്നസാഫല്യമാണ് ഫാറൂഖ് കോളജ്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി കോളജ് സ്ഥാപിക്കണമെന്ന അബുസ്സബാഹ് മൗലവിയുടെ സ്വപ്‌നമാണ് ഇന്ന് നാടിന്റെ അഭിമാനസ്തംഭമായി വിദ്യാവീഥിയിൽ പരിലസിക്കുന്നത്. അന്ന് മദ്രാസ് സർവകലാശാല വൈസ് ചാന്‍സലറായിരുന്ന ലക്ഷ്മണസ്വാമി മുതലിയാരാണ് സ്ഥലനാമം കോളജിനു വേണ്ടി ഉപയോഗിക്കാന്‍ നിർദേശിച്ചതെന്നും ബുഖാരി സാഹിബിന്റെ ആശയത്തില്‍ നിന്നാണ് ഫാറൂഖ് എന്ന് കോളജിന് നാമകരണം ചെയ്തതെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
കോളജ് കെട്ടിടംപണി പൂര്‍ത്തിയാകാത്തതിനാല്‍ ഫറോക്ക് ചുങ്കത്തിനടുത്തുള്ള കളത്തിങ്ങല്‍ ഇസ്മായില്‍ സാഹിബിന്റെ തറവാട് വീടായ മൂന്നിലകം വീട്ടിലാണ് 75 വർഷങ്ങൾക്ക് മുമ്പ് കോളജ് ആരംഭിച്ചത്. ബി.എ ഇക്കണോമിക്‌സ്, അറബിക്, ഇസ്‌ലാമിക് ഹിസ്റ്ററി എന്നിവയായിരുന്നു ആദ്യകാല കോഴ്‌സുകള്‍.
1948 ആഗസ്റ്റ് 12നാണ് ഫാറൂഖ് കോളജ് പ്രവര്‍ത്തനമാരംഭിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം പുതിയ മാളിയേക്കല്‍ ആറ്റക്കോയ തങ്ങള്‍ നടത്തുന്നത്. പിന്നീട് വ്യത്യസ്ത വര്‍ഷങ്ങളിലായി പുതിയ കോഴ്‌സുകള്‍ നടത്താനുള്ള അനുമതി കോളജ് നേടിയെടുക്കുകയും പടിപടിയായി വികസിക്കുകയുമായിരുന്നു. 21ബിരുദ കോഴ്‌സുകളും 14 ബിരുദാനന്തര കോഴ്‌സുകളും ഇപ്പോള്‍ കോളജിലുണ്ട്. എട്ടു സെന്ററുകളിലായി നൂറോളം വിദ്യാർഥികള്‍ വ്യത്യസ്ത വിഷയങ്ങളിലായി ഗവേഷണം നടത്തുന്നു.
2009ല്‍ കേന്ദ്ര സർക്കാറിന്റെ മൈനോറിറ്റി പദവി നേടിയ കോളജ് 2015ൽ സ്വയംഭരണ പദവിയിലേക്കു മാറി. മൂന്നു തവണ ‘നാക്കി’ന്റെ അക്രഡിറ്റേഷന്‍ അംഗീകാരം ലഭിച്ച കോളജ് ആദ്യം ഫൈവ്സ്റ്റാറും പിന്നീട് എ ഗ്രേഡും 2016ല്‍ എ+ ഗ്രേഡും നേടുകയുണ്ടായി. ഇവ മൂന്നും ആ കാലഘട്ടങ്ങളിലെ യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന ഗ്രേഡുകളായിരുന്നു.
സിവില്‍ സര്‍വിസ് പരീക്ഷകള്‍ക്കും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ പരീക്ഷകള്‍ക്കും പരിശീലനം നല്‍കുന്നതിനായി ഗള്‍ഫാര്‍ ഡോ. പി മുഹമ്മദലിയുടെ സഹായത്തോടെ പി.എം ഇന്‍സ്റ്റിറ്റ്യൂട്ട് കോളജില്‍ പ്രവര്‍ത്തിച്ചുവരുന്നു. നാഷനല്‍ സര്‍വിസ് സ്‌കീമിന്റെ രണ്ട് യൂനിറ്റും നാഷനല്‍ കാഡറ്റ് കോറിന്റെ ആര്‍മി രണ്ട് യൂനിറ്റും ഫാറൂഖ് കോളജ് കാമ്പസില്‍ സജീവമാണ്. കൂടാതെ കുട്ടികളുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന പെയിന്‍ ആൻഡ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. 2015-16 വർഷത്തെ ബി സോൺ ഇന്റർ സോൺ കലാകീരിടം കോളജ് നേടിയിരുന്നു.
1948 ലാണ് ഫാറൂഖ് കോളജ് സ്ഥാപിതമായതെങ്കിലും പതിറ്റാണ്ടുകൾ നീണ്ട ആലോചനകളും നിരവധി മഹാമനീഷികളുടെ അധ്വാന പരിശ്രമങ്ങളും അതിനു പിന്നിലുണ്ടായിരുന്നു. മുസ്‍ലിം മാനേജ്മെൻറിനു കീഴിലുള്ള കേരളത്തിലെ ആദ്യ കോളജായ ഫാറൂഖ് കോളജ് സ്ഥാപിതമാകുന്നതിനു ദശകങ്ങൾക്ക് മുമ്പുതന്നെ ഒരു ആർട്സ് ആൻഡ് സയൻസ് കോളജ് സ്ഥാപിക്കുക എന്ന സ്വപ്നം പലർക്കുമുണ്ടായിരുന്നു.
1923ൽ കേരള മുസ്‍ലിം ഐക്യസംഘം അതിനായി കമ്മിറ്റി രൂപവത്കരിച്ചു. ഇതേസമയം, സർ.പി. രാജഗോപാലാചാരിയുടെ ദിവാൻ ഭരണകാലത്ത് തിരുവിതാംകൂർ സർക്കാർ നവോത്ഥാന നായകനായ ശൈഖ് മുഹമ്മദ് മാഹിൻ ഹമദാനി തങ്ങൾക്ക് ഒരു അറബിക് കോളജ് സ്ഥാപിക്കാൻ ആലുവയിൽ ഭൂമി പതിച്ചുനൽകിയിരുന്നു. ആ സ്ഥലത്ത് ഒരു കോളജ് സ്ഥാപിക്കുവാൻ ഐക്യസംഘം പ്രയത്നിച്ചു. എന്നാൽ പലവിധ കാരണങ്ങളാൽ കമ്മിറ്റിക്ക് ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിച്ചില്ല. എങ്കിലും ആ ശ്രമത്തിന്റെ ആവേശവും നവോത്ഥാന സംരംഭങ്ങളുടെ അലയൊലികളും കേരളത്തിൽ പലയിടത്തും മുസ്‍ലിം ഹൈസ്കൂളുകൾ സ്ഥാപിതമാകാൻ നിമിത്തമായി. മദ്രാസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. സർ എ. ലക്ഷ്മണസ്വാമി മുതലിയാർ സ്വകാര്യ മേഖലയിൽ കോളജുകൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിച്ച ക്രാന്തദർശിയായിരുന്നു. ഫാറൂഖ് കോളജ് സ്ഥാപിക്കാൻ മുതലിയാരുടെ ഈ നയവും സഹായകമായി.
ഫാറൂഖ് കോളജ് എന്ന ആശയം പലവിധത്തിൽ അന്ന് സമുദായ മധ്യത്തിലെത്തുകയും അതൊരു ആവേശമായി സമുദായം ഏറ്റെടുക്കുകയും ചെയ്തിരുന്നു. കോളജ് നിർമാണ ഫണ്ടിലേക്ക് സംഭാവനകൾ നൽകാൻ ആവശ്യപ്പെട്ടുള്ള പത്രവാർത്തകൾ അന്ന് ധാരാളം വന്നിരുന്നുവെങ്കിലും സാമ്പത്തികമായ ബാലാരിഷ്ടതകൾ തുടക്കം മുതലേ കോളജിനെ ഞെക്കിഞെരുക്കിക്കൊണ്ടിരുന്നു. അത്തരമൊരു ഘട്ടത്തിൽ കോളജിനു പണം നൽകിയും പണപ്പിരിവിൽ പങ്കെടുത്തും സഹായിച്ചവർ ഒട്ടേറെയാണ്.
ദേശീയ അക്രഡിറ്റേഷൻ സ്ഥാപനമായ ‘നാക്’ ആദ്യഘട്ടത്തിൽതന്നെ കോളജിന് ഫൈവ് സ്റ്റാർ പദവി നൽകി. തുടർന്നുള്ള ഘട്ടങ്ങളിലും ഏറ്റവും ഉയർന്ന ഗ്രേഡുകൾ കോളജിനു ലഭിച്ചു. മികച്ച കോളജുകളെ ലോകോത്തര മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ 2019ൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ 15 സ്വയംഭരണകോളജുകളിൽ ഫാറൂഖ് കോളജ് ഇടംപിടിച്ചു. 2004ൽ യൂനിവേഴ്സിറ്റി ഗ്രാൻഡ്സ് കമീഷൻ കോളജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസായി (സി.പി.ഇ) ഫാറൂഖ് കോളജിനെ തിരഞ്ഞെടുക്കുകയുണ്ടായി. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ തുടർച്ചയായി ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളജുകളിൽ ഫാറൂഖ് കോളജ് സ്ഥാനം നേടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് കോളജ് നടത്തിയ സേവനങ്ങളെ മാനിച്ച്
ഡൽഹിയിലെ മൗലാനാ ആസാദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മൗലാനാ ആസാദ് ലിറ്ററസി അവാർഡ് ലഭിച്ച ഏക കലാലയമെന്ന ബഹുമതിയും ഫാറൂഖ് കോളജിനുണ്ട്. എം.എച്ച്.ആർ.ഡിയുടെ കീഴിൽ നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ്ങിന്റെ (എൻ.പി.ടി.ഇ.എൽ) ട്രിപ്ൾ എ ഗ്രേഡ് ലഭിച്ച രാജ്യത്തെ 10 കോളജുകളിൽ ഫാറൂഖ് കോളജും ഉൾപ്പെട്ടുവെന്നത് അഭിമാനകരമാണ്.
വിദ്യാഭ്യാസ വിപ്ലവം
പതിറ്റാണ്ടിനിടയിൽ കേരളീയ സമൂഹത്തിൽ ഈ കലാലയം സൃഷ്ടിച്ച വിപ്ലവം അതുല്യമാണ്. ഇവിടെനിന്ന് പഠനം പൂർത്തിയാക്കിയവർ രാജ്യത്തിനകത്തും പുറത്തും സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ രംഗങ്ങളിൽ ശക്തമായ സാന്നി---ധ്യമാണ്. കാനഡ, യൂറോപ്, അമേരിക്ക, യു.കെ അടക്കം 14 വിദേശരാജ്യങ്ങളിൽ ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ ‘ഫോസ’ക്ക് ചാപ്റ്ററുകളുണ്ട്. നിലവിൽ നാലായിരത്തിലേറെ വിദ്യാർഥികളും 150ലേറെ അധ്യാപകരും ഫാറൂഖ് കോളജിലുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡഡ് പ്രോഗ്രാമുകൾ നടത്തുന്ന സ്ഥാപനമാണ് ഫാറൂഖ് കോളജ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗവേഷണ ഡിപ്പാർട്മെന്റുകൾ ഉള്ളതും ഈ കലാലയത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.