രണ്ടുപേർ കൂടി പടിയിറങ്ങുന്നു; 15 വാഴ്സിറ്റികൾക്കും സ്ഥിരം വി.സിമാർ ഇല്ലാതാകുന്നു
text_fieldsതിരുവനന്തപുരം: അടുത്ത മാസം രണ്ടു വൈസ് ചാൻസലർമാർ കൂടി പടിയിറങ്ങുന്നതോടെ സംസ്ഥാനത്തെ 15 സർവകലാശാലകൾക്കും സ്ഥിരം വി.സിമാർ ഇല്ലാതാകും. കേരള വി.സിയുടെ അധികചുമതല വഹിക്കുന്ന ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ, സാങ്കേതിക സർവകലാശാലയുടെ അധികചുമതലയുള്ള ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് എന്നിവരാണ് കാലാവധി പൂർത്തിയാക്കുന്ന സ്ഥിരം വി.സിമാർ. ഫലത്തിൽ നാലു സർവകലാശാലകൾക്കാണ് വി.സി ഇല്ലാതാകുന്നത്. മറ്റു സർവകലാശാലകളിലെല്ലാം സീനിയർ പ്രഫസർമാർക്ക് വി.സിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. ഒഴിവ് വരുന്ന നാലു സർവകലാശാലകളിലും പ്രഫസർമാർക്ക് വി.സിയുടെ ചുമതല നൽകേണ്ടിവരും.
ഗവർണറും സർക്കാറും പരസ്യഏറ്റുമുട്ടലിൽ എത്തിയതോടെയാണ് വി.സി നിയമനം സ്തംഭനാവസ്ഥയിലായത്. കേരളയിൽ സ്ഥിരം വി.സി ഇല്ലാതായിട്ട് അടുത്ത മാസം രണ്ടു വർഷം പൂർത്തിയാകും. വി.സി നിയമനത്തിനു ചാൻസലറുടെ അധികാരം ഉപയോഗിച്ച് ഗവർണർ സ്വന്തം നിലക്ക് സെർച് കമ്മിറ്റി രൂപവത്കരിച്ചതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചതോടെ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്.
നിയമനാധികാരി എന്നനിലയിൽ ചാൻസലറാണ് സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് എന്നാണ് രാജ്ഭവൻ വാദം. എന്നാൽ, യു.ജി.സി റെഗുലേഷൻ പ്രകാരം വ്യക്തതയില്ലെന്ന ന്യായത്തിൽ ഭരണഘടന പ്രകാരം സംസ്ഥാനത്തിനുള്ള എക്സിക്യുട്ടിവ് അധികാരം ഉപയോഗിച്ച് വിവിധ സർവകലാശാലകളിൽ വി.സി നിയമനത്തിന് സർക്കാറും സമാന്തര സെർച് കമ്മിറ്റികൾ രൂപവത്കരിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഒഴിവുവരുന്ന ആരോഗ്യ സർവകലാശാല വി.സി നിയമനത്തിന് ഗവർണർ സെർച് കമ്മിറ്റി രൂപവത്കരിച്ചെങ്കിലും സർക്കാർ കോടതിയിൽനിന്ന് സ്റ്റേ വാങ്ങി.
വി.സി നിയമനം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രഫ. മേരി ജോർജ് ഹൈകോടതിയിൽ ആറു മാസം മുമ്പ് ഹരജി നൽകിയെങ്കിലും തീർപ്പ് വൈകുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിയുന്നതുവരെ വി.സി നിയമന നടപടി തടയാനായിരുന്നു സർക്കാർ നീക്കം. കാലാവധി കഴിഞ്ഞെങ്കിലും പുതിയ ഗവർണറെ നിയമിക്കാത്തതിനാൽ ആരിഫ് മുഹമ്മദ് ഖാൻ പദവിയിൽ തുടരുകയുമാണ്. സംസ്ഥാന സർക്കാർ പരിധിയിൽ വരുന്ന 15 സർവകലാശാലകളിലും സ്ഥിരം വി.സിമാരില്ലാത്ത സാഹചര്യം രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തതാണ്.
സ്ഥിരം വി.സിമാരില്ലാത്തത് സർവകലാശാലകളിൽ അക്കാദമിക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സർവകലാശാലകൾ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് മാറിയെങ്കിലും പാഠപുസ്തകം തയാറാക്കൽ, നവംബർ ആദ്യം നടത്തുമെന്ന് പറഞ്ഞിരുന്ന ഒന്നാം സെമസ്റ്റർ പരീക്ഷ എന്നിവയെല്ലാം അനിശ്ചിതത്വത്തിലേക്ക് പോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.