സംസ്ഥാനത്ത് 39 ടെക്നിക്കൽ ഹൈസ്കൂളുകളിലും ഹയർസെക്കൻഡറിയില്ല
text_fieldsശ്രീകണ്ഠപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാനത്ത് 39 ഗവ. ടെക്നിക്കൽ സ്കൂളുകളിൽ നിലവിൽ ഹയർ സെക്കൻഡറിയില്ല. ഇതുമൂലം ടെക്നിക്കൽ ഹൈസ്കൂൾ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികളുടെ ടെക്നിക്കൽ തുടർപഠനം അവതാളത്തിലായി. ഇത്തരം വിദ്യാർഥികൾ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഹയർസെക്കൻഡറി സ്കൂളുകളിൽ തുടർപഠനം നടത്തണം.
ഇതര വിഷയങ്ങൾ തിരഞ്ഞെടുക്കാമെങ്കിലും കമ്പ്യൂട്ടർ സയൻസിനാണ് ഇവർ കൂടുതൽ പരിഗണന നൽകുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തന്നെ ഹയർ സെക്കൻഡറി വന്നാൽ ടെക്നിക്കൽ ഹൈസ്കൂളിൽ പഠിച്ച വിഷയങ്ങളിൽ തുടർപഠനം നടത്താൻ കഴിയും. പോളിടെക്നിക് പഠനത്തിനും ഇത് ഗുണകരമാവും. സംസ്ഥാനത്ത് ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ടെക്നിക്കൽ ഹയർസെക്കൻഡറിയുള്ള ഒമ്പത് സ്കൂളുകളുണ്ട്.
വടക്കേ മലബാറിൽ ഇതിൽ ഒന്നുപോലുമില്ല. ജില്ലയിൽ മൂന്ന് ടെക്നിക്കൽ ഹൈസ്കൂളുകളാണുള്ളത്. തോട്ടടയിലും നെരുവമ്പ്രത്തും നടുവിലിലും. തോട്ടടയിൽ 120ഉം നെരുവമ്പ്രത്ത് 100ഉം നടുവിലിൽ 60ഉം വിദ്യാർഥികളാണ് ഒരു വർഷം ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിലും ഓരോ വർഷവും വർധനവുണ്ടാവുന്നുണ്ട്.
പ്ലസ് വൺ പ്രവേശനത്തിന് മാതൃവിദ്യാലയത്തിൽ പഠിച്ച കുട്ടിക്ക് ഒരു മാർക്ക് ഗ്രേസ് പോയൻറ്നൽകി വരുന്നത് വിവേചനത്തിനിടയാക്കുന്നതായി ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് നേരത്തെ മുതൽ ആക്ഷേപവുമുണ്ട്. കമ്പ്യൂട്ടർ സയൻസുള്ള പൊതു ഹയർസെക്കൻഡറി സ്കൂളുകൾ മലയോര പഞ്ചായത്തുകളിൽ ഇല്ലാത്തതും ബുദ്ധിമുട്ടാവുകയാണ്. മെഡിക്കൽ, എൻജിനീയറിങ് പരീക്ഷകളുടെ അടിസ്ഥാന യോഗ്യതയും ഹയർസെക്കൻഡറിയാണ്.
ഇക്കാര്യങ്ങൾ സംബന്ധിച്ച് സാങ്കേതിക വകുപ്പ് നിയമിച്ച സമിതി റിപ്പോർട്ട് ഇതിനോടകം സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വിദ്യാർഥി സംഘടനകളടക്കം നൽകിയ നിവേദനത്തെത്തുടർന്ന് ടെക്നിക്കൽ ഹയർ സെക്കൻഡറി ആരംഭിക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാവുമെന്ന് ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും ഉറപ്പ് നൽകിയിട്ടും നടപടി വൈകുകയാണ്.
പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ച സ്കൂളുകൾ, ബ്രാക്കറ്റിൽ കോഴ്സ്
ഗവ. എച്ച്.എസ്.എസ് പാലയാട് (സയൻസ്), എ.കെ.ജി.എസ് ഗവ. എച്ച്.എസ്.എസ് പെരളശ്ശേരി (ഹ്യുമാനിറ്റീസ്), ഗവ. എച്ച്.എസ്.എസ് പാട്യം, പാട്യംകുന്ന് (സയൻസ്), ഗവ. എച്ച്.എസ്.എസ്, ചട്ടുകപ്പാറ (ഹ്യുമാനിറ്റീസ്), രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, ചിറക്കൽ (കോമേഴ്സ്), രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്, മൊകേരി (കോമേഴ്സ്), ഗവ. എച്ച്.എസ്.എസ് പടിയൂർ (ഹ്യുമാനിറ്റീസ്), ഗവ. വി.എച്ച്.എസ്.എസ്, കതിരൂർ (സയൻസ്), സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്, തലശ്ശേരി (സയൻസ്), എൻ.എ.എം മെമ്മോറിയൽ ഗവ. എച്ച്.എസ്.എസ് പെരിങ്ങത്തൂർ (കോമേഴ്സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.