അഖിലേന്ത്യ ആയുർവേദ പി.ജി പ്രവേശനപരീക്ഷ ജൂലൈ 31ന്
text_fieldsനാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 31ന് രാവിലെ 10-12 മണി വരെ നടത്തുന്ന അഖിലേന്ത്യ ആയുർവേദ പി.ജി പ്രവേശനപരീക്ഷയിൽ (എ.ഐ.എ.പി.ജി.ഇ.ടി-2023) പങ്കെടുക്കുന്നതിന് ഓൺലൈനായി ജൂൺ 24വരെ അപേക്ഷിക്കാം. ഫീസ് ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് 2700 രൂപ. ജനറൽ-ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് 2450 രൂപ.
എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി തേർഡ് ജൻഡർ വിഭാഗങ്ങൾക്ക് 1800 രൂപ. പ്രവേശനപരീക്ഷ (എ.ഐ.എ.പി.ജി.ഇ.ടി-2023) വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://aiapget.nta.nic.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും പരീക്ഷയുടെ വിശദാംശങ്ങളും പ്രവേശന നടപടിക്രമങ്ങളും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
ആയുഷ് പി.ജി കോഴ്സുകളിലേക്ക് ഏക പ്രവേശനപരീക്ഷയാണിത്. കേരളത്തിൽ കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്രവേശന യോഗ്യത: ബി.എ.എം.എസ്/ബി.യു.എം.എസ്/ബി.എസ്.എം.എസ്/ബി.എച്ച്.എം.എസ് അംഗീകൃത ബിരുദവും ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും. ഒരുവർഷത്തെ ഇന്റേൺഷിപ് ആഗസ്റ്റ് 31നകം പൂർത്തിയാക്കിയിരിക്കണം.
എ.ഐ.എ.പി.ജി.ഇ.ടി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ബന്ധപ്പെട്ട വിഷയത്തിൽ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 120 ചോദ്യങ്ങളുണ്ടാവും. പരമാവധി 480 മാർക്കിനാണ് പരീക്ഷ. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറയ്ക്കും.
ഉത്തരമറിയാത്ത ചോദ്യങ്ങൾ വിട്ടുകളഞ്ഞാൽ മാർക്ക് കുറയില്ല. ആയുർവേദത്തിന് ഇംഗ്ലീഷിലും ഹിന്ദിയും ഹോമിയോപ്പതിക്ക് ഇംഗ്ലീഷിലും സിദ്ധയ്ക്ക് ഇംഗ്ലീഷിലും തമിഴിലും യൂനാനിക്ക് ഇംഗ്ലീഷിലും ഉർദുവിലുമാണ് ചോദ്യപേപ്പറുകൾ. ബിരുദതലത്തിലുള്ള സബ്ജക്ട് നോളജ് പരിശോധിക്കുന്നവിധത്തിലാണ് പരീക്ഷ.
റാങ്കടിസ്ഥാനത്തിൽ രാജ്യത്തെ ആയുഷ് കോളജുകളിലും സർവകലാശാലകളിലും മറ്റും 2023-24 വർഷത്തേക്ക് ആയുർവേദ, യൂനാനി, സിദ്ധ, ഹോമിയോപ്പതി എം.ഡി/എം.എസ് കോഴ്സുകളിലാണ് പ്രവേശനം.
ഗവൺമെന്റ്/എയ്ഡഡ് കോളജുകളിലെ ഓൾ ഇന്ത്യ ക്വേട്ടാ സീറ്റുകളിലും കേന്ദ്ര/കൽപിത സർവകലാശാലകളിലും ദേശീയ സ്ഥാപനങ്ങളിലും എ.ഐ.എ.പി.ജി.ഇ.ടി റാങ്കടിസ്ഥാനത്തിൽ ആയുഷ് അഡ്മിഷൻ സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി) നടത്തുന്ന ഓൺലൈൻ കൗൺസലിങ് വഴിയാണ് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകളും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.