കാർഷിക ബിരുദത്തിന് അഖിലേന്ത്യ ക്വോട്ട പ്രവേശനം സി.യു.ഇ.ടി വഴി
text_fieldsഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ (ഐ.സി.എ.ആർ) ഈ വർഷം നടത്തുന്ന കാർഷിക ബിരുദ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിന് സി.യു.ഇ.ടി-യു.ജി 2024ൽ യോഗ്യത നേടണം. താൽപര്യമുള്ളവർക്ക് https://exams.nta.ac.in/CUET-UGൽ മാർച്ച് 26ന് രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം. ഇതിനുള്ള മാർഗനിർദേശങ്ങളും പരീക്ഷയുടെ വിശദാംശങ്ങളും വെബ്സൈറ്റിൽ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
സി.യു.ഇ.ടി (ഐ.സി.എ.ആർ-യു.ജി) 2024 റാങ്കടിസ്ഥാനത്തിൽ കൗൺസലിങ് കാർഷിക-അനുബന്ധ ബിരുദ കോഴ്സുകളിൽ 20 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലും ഐ.സി.എ.ആർ-ദേശീയ ക്ഷീര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് കർണാൽ, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി, ആർ.എൽ.ബി കേന്ദ്ര കാർഷിക വാഴ്സിറ്റി ഝാൻസി, ഡോ. രാജേന്ദ്രപ്രസാദ് കേന്ദ്ര കാർഷിക വാഴ്സിറ്റി (ബിഹാർ) എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളിലും പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും.
വെറ്ററിനറി സയൻസ് ഒഴികെ ഇനി പറയുന്ന 12 ബിരുദ കോഴ്സുകളിലാണ് (നാലുവർഷം) പ്രവേശനം. ബി.എസ് സി (ഓണേഴ്സ്)-അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, ഫുഡ് ന്യൂട്രിഷൻ ആൻഡ് ഡയറ്റിക്സ്, സെറികൾചർ, നാച്വറൽ ഫാമിങ്, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബി.ടെക്-അഗ്രികൾചറൽ എൻജിനീയറിങ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി, ബയോടെക്നോളജി.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടക്കമുള്ള സമഗ്രവിവരങ്ങൾ www.icar.rog.inൽ ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, അഗ്രികൾചർ വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്കാണ് അവസരം.
എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/തേർഡ് ജൻഡർ വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി. സി.യു.ഇ.ടി (ഐ.സി.എ.ആർ-യു.ജി) 2024 റാങ്ക് പരിഗണിച്ച് പ്രവേശനം നൽകുന്ന രാജ്യത്തെ കാർഷിക സർവകലാശാലകളും ഐ.സി.എ.ആർ ക്വോട്ട സീറ്റുകളും കോഴ്സുകളും മറ്റും വെബ്സൈറ്റിലുണ്ട്.
കേരള കാർഷിക സർവകലാശാലയുടെ ബി.എസ് സി (ഓണേഴ്സ്)-അഗ്രികൾചർ, ഫോറസ്ട്രി, ബി.ടെക്-അഗ്രികൾചറൽ എൻജിനീയറിങ്, ഫുഡ് ടെക്നോളജി, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് സർവകലാശാലയുടെ ബി.എഫ്.എസ് സി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ ബി.ടെക് ഡെയറി ടെക്നോളജി കോഴ്സുകളും ഈ പരീക്ഷയുടെ പരിധിയിൽപെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.