കാലിക്കറ്റ് സര്‍വകലാശാലയിൽ പരാജയപ്പെട്ട സെമസ്റ്ററില്‍ വീണ്ടും പരീക്ഷയെഴുതാന്‍ അനുമതി
text_fieldsതേഞ്ഞിപ്പലം: പ്രഫഷനല്‍ കോഴ്‌സുകളില്‍ മതിയായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാതെ പ്രതിസന്ധിയിലായവര്‍ക്ക് പരാജയപ്പെട്ട സെമസ്റ്ററില്‍ വീണ്ടും ഇന്റേണല്‍, എക്സ്റ്റേണല്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ തീരുമാനം. എല്ലാ കോഴ്സുകളിലും അവസരം നഷ്ടമായവര്‍ക്ക് ഇന്റേണല്‍, എക്സ്റ്റേണല്‍ പരീക്ഷയെഴുതാം.
മിനിമം ഇന്റേണല്‍ മാര്‍ക്ക് പരിഗണിക്കാതെ എക്‌സ്റ്റേണലിലും ഇന്റേണലിലും കൂടി വിജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം. ഇന്റേണല്‍ മിനിമം മാര്‍ക്ക് നിബന്ധനമൂലം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സര്‍വകലാശാല കായികപഠന വിഭാഗത്തിലെ വിദ്യാര്‍ഥിയുടെ അപേക്ഷ പരിഗണിച്ചാണ് കൗണ്‍സില്‍ തീരുമാനം.
കായികതാരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കാനുള്ള മാര്‍ക്ക് പരിധി 85 ശതമാനത്തില്‍നിന്ന് 90 ആക്കണമെന്ന അപേക്ഷയില്‍ ഗ്രേസ് മാര്‍ക്ക് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം തീരുമാനമെടുക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിനെ ചുമതലപ്പെടുത്തി.
ജേണലിസം വിദ്യാര്‍ഥികള്‍ക്ക് ഫാക്കല്‍റ്റി ഓഫ് ഹ്യുമാനിറ്റീസ് എന്ന പേരില്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തി ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ എന്നാക്കി മാറ്റും. ഇതിനായി ഡീനിന്റെ അഭിപ്രായം തേടും. ലാറ്ററല്‍ എന്‍ട്രിയിലൂടെ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ സര്‍ട്ടിഫിക്കറ്റില്‍ ലാറ്ററല്‍ എന്‍ട്രിയെന്ന് രേഖപ്പെടുത്തുന്നത് നിര്‍ത്തലാക്കും.
2022ലെ യു.ജി.സി റെഗുലേഷന്‍ മാര്‍ഗരേഖ പ്രകാരം ഒരേ സമയം ഇരട്ട ബിരുദം ചെയ്യാനും കാലിക്കറ്റില്‍ അവസരം നല്‍കും. അക്കാദമിക് കൗണ്‍സില്‍ അംഗം അബ്ദുല്‍ വാഹിദ് അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്നാണ് തീരുമാനം. അംഗീകൃത കോളജുകളിലെ ഗവേഷണ കേന്ദ്രങ്ങളിലെ ഗവേഷക വിദ്യാർഥികള്‍ക്ക് ഫെലോഷിപ് ഏര്‍പ്പെടുത്തും. ബി.ബി.എ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരേ സമയം കോമേഴ്‌സ്, മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് തുല്യ അവസരം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.