എൻ.ഐ.ആർ.എഫ് റാങ്കിങ് 2021; രാജ്യത്തെ മികച്ച ആറാമത്തെ മെഡിക്കൽ കോളജായി അമൃത
text_fieldsകൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനെർ 2021ലെ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ രാജ്യത്തെ മികച്ച ആറാമത്തെ മെഡിക്കൽ കോളജായി കൊച്ചി അമൃത തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തായിരുന്നു. ആദ്യ പത്തിൽ ഉൾപ്പെട്ട കേരളത്തിലെ ഏക മെഡിക്കൽ കോളജും അമൃതയാണ്. ഡൽഹി എയിംസാണ് ഒന്നാം സ്ഥാനത്ത്.
ഫാർമസി റാങ്കിങ്ങിൽ 12ാം സ്ഥാനവും ഡെന്‍റൽ കോളജ് വിഭാഗത്തിൽ 13ാം റാങ്കും അമൃതയ്ക്കാണ്. മുൻ വർഷത്തേക്കാൾ മികച്ച റാങ്കിങ് ആണിത്. ഓവറോൾ റാങ്കിങ്ങിൽ 12ാം സ്ഥാനമാണ് അമൃത നേടിയത്. സർവകലാശാലകളുടെ റാങ്കിങ്ങിൽ 5ാം സ്ഥാനവും എഞ്ചിനീയറിങ് കോളജുകളുടെ റാങ്കിങ്ങിൽ 16ാം സ്ഥാനവും ഇത്തവണ അമൃത സ്വന്തമാക്കി. തുടർച്ചയായി അഞ്ചാം വർഷമാണ് രാജ്യത്തെ മികച്ച 10 സർവകലാശാലകളുടെ പട്ടികയിൽ അമൃത ഇടംപിടിക്കുന്നത്.
സർവകലാശാലയുടെ അക്കാദമിക്, ഫാക്കൽറ്റി മികവും മറ്റ് സൗകര്യങ്ങളും അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരും ഒന്നിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി. വെങ്കട്ട് രംഗൻ പറഞ്ഞു.
വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് ഈ വർഷത്തെ എൻ.ഐ.ആർ.എഫ് റാങ്കിങ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഭാഗമായ നാഷനൽ ഇൻസ്റ്റിറ്റിയൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്) എല്ലാ വർഷവും റാങ്കുകൾ പ്രഖ്യാപിക്കുന്നത്. ഓവറോൾ, സർവകലാശാല, എഞ്ചിനീയറിങ്, മാനേജ്‌മെന്‍റ്, ഫാർമസി, കോളജ്, മെഡിക്കൽ, നിയമം, ആർക്കിടെക്ച്ചർ, ഡെന്‍റൽ, റിസർച്ച് തുടങ്ങി 11 വിഭാഗങ്ങളിലായാണ് റാങ്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.