അധ്യാപകർ ക്ലാസിൽ പോകും മുമ്പ് മൊബൈൽ ഫോൺ പ്രധാനാധ്യാപകന്‍റെ ഓഫിസിൽ വെക്കണം; നിർദേശവുമായി ആന്ധ്ര വിദ്യാഭ്യാസ വകുപ്പ്
text_fieldsഅമരാവതി: അധ്യാപകർക്കും വിദ്യാർഥികൾക്കും സ്കൂൾ സമയത്ത് മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി ആന്ധ്രപ്രദേശ് വിദ്യാഭ്യാസ വകുപ്പ്. ഇതുപ്രകാരം വിദ്യാർഥികൾ സ്കൂൾ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത്. അധ്യാപകർ ക്ലാസ് മുറിയിലും മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
ക്ലാസെടുക്കാനായി പോകുന്ന അധ്യാപകർ പ്രധാനാധ്യാപകന്‍റെ/പ്രധാനാധ്യാപികയുടെ ഓഫിസിൽ മൊബൈൽ ഫോൺ ഏൽപ്പിച്ച് വേണം പോകാൻ. ഇതുൾപ്പെടെയുള്ള മാർഗനിർദേശങ്ങളടങ്ങിയ സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
അധ്യാപകർക്ക് ക്ലാസ് സമയമല്ലാത്തപ്പോൾ മൊബൈൽ ഫോൺ കയ്യിൽ വെക്കാം. എന്നാൽ, ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഫോണിൽ സമയം ചെലവഴിക്കുകയോ ചെയ്യരുത്.
പഠനത്തിന് തടസമുണ്ടാകാതിരിക്കാനാണ് അധ്യാപർക്കും മൊബൈൽ ഫോൺ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ വിശദീകരിക്കുന്നു. പഠനത്തെ പിന്തുണക്കാനായി മാത്രമേ ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ ഉപയോഗം ആവശ്യമുള്ളൂവെന്ന് യുനെസ്കോയുടെ 2023 റിപ്പോർട്ടിലുണ്ടെന്നും ഇതുകൂടി പരിഗണിച്ചാണ് തീരുമാനമെന്നും ഇവർ പറയുന്നു.
ക്ലാസ് മുറിയിൽ ഫോൺ ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ അധ്യാപകർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് കൃത്യമായി പാലിക്കാതായതോടെയാണ് ഇപ്പോൾ പ്രധാനാധ്യാപകന്‍റെ ഓഫിസിൽ ഫോൺ ഏൽപ്പിച്ച് ക്ലാസിലേക്ക് പോകണമെന്ന നിർദേശം നൽകിയത്.
നിരവധി അധ്യാപകർ ക്ലാസ് സമയത്ത് മൊബൈൽ ഫോണിൽ സമയം ചെലവിടുന്നുവെന്നും ഇത് പഠനത്തെ സാരമായി ബാധിക്കുന്നുവെന്നും മനസിലാക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന്‍റെ സർക്കുലറിൽ പറയുന്നു. ആഗസ്റ്റ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി ബോത്സ സത്യനാരായണയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മൊബൈൽ ഫോൺ നിയന്ത്രണമേർപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. തീരുമാനത്തിന് അധ്യാപകരുടെയും, സംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും പിന്തുണയുണ്ടായിരുന്നുവെന്നും സർക്കുലർ പറയുന്നു.
പഠനത്തിന്‍റെ ഭാഗമായി ക്ലാസ് മുറിയിൽ മൊബൈൽ ഉപയോഗിക്കേണ്ടിവരികയാണെങ്കിൽ പ്രധാനാധ്യാപകന്‍റെ അനുമതി വാങ്ങിവേണം ഫോൺ കൊണ്ടുപോകാൻ. നിർദേശം ലംഘിക്കുന്ന അധ്യാപകർക്ക് ആദ്യം മുന്നറിയിപ്പ് നൽകുകയും ഇത് ആവർത്തിച്ചാൽ വിദ്യാഭ്യാസ ഓഫിസർക്ക് റിപ്പോർട്ട് നൽകി നടപടിയെടുക്കുകയും ചെയ്യും.
മൊബൈൽ ഫോൺ സ്കൂളിലേക്ക് കൊണ്ടുവരുന്ന വിദ്യാർഥികൾ ഇത് സ്റ്റാഫ് റൂമിൽ ഏൽപ്പിക്കണം. അത്യാവശ്യ സാഹചര്യത്തിൽ ഫോൺ ഉപയോഗിക്കണമെങ്കിൽ പ്രധാനാധ്യാപകന്‍റെ അനുമതി വേണം. അതേസമയം, ക്ലാസ് മുറിയിലെ സ്മാർട് ടി.വി, സർക്കാർ നൽകിയ ടാബ്ലറ്റുകൾ എന്നിവ ഉപയോഗിക്കുന്നതിൽ നിയന്ത്രണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.