ആദ്യശ്രമത്തിൽ വിജയതീരം തൊട്ട് ആനി
text_fieldsകണ്ണൂർ: സിവിൽ സർവിസെന്ന ബാലികേറാമല ആദ്യപരിശ്രമത്തിൽതന്നെ കയറി മലയോരത്തിന്റെ അഭിമാനമായി ആലക്കോട് കാർത്തികപുരം സ്വദേശി ആനി ജോർജ്. ദേശീയ തലത്തില്‍ 93ാം റാങ്ക് കരസ്ഥമാക്കിയാണ് ആനി വിജയകിരീടം ചൂടിയത്. പരീക്ഷയിലും ഇന്റർവ്യൂവിലും തിളങ്ങിയ ആനി ഏറെ പ്രതീക്ഷയോടെയായിരുന്നു റാങ്ക് ലിസ്റ്റിനായി കാത്തിരുന്നത്. എന്നാൽ പ്രതീക്ഷകൾക്കപ്പുറം വലിയ നേട്ടമാണ് ആനി സ്വന്തമാക്കിയത്.
സ്കൂള്‍തലം മുതലേ പഠനത്തില്‍ മികവ് പുലര്‍ത്തിയ ആനിക്ക് പുസ്തകങ്ങള്‍ എക്കാലവും അടുത്ത കൂട്ടുകാരായിരുന്നു. എസ്.എസ്.എൽ.സി ആലക്കോട് സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് ടു പഠനം ശ്രീകണ്ഠപുരം മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിലും പൂർത്തിയാക്കിയ ആനി ചെന്നൈ ക്രിസ്ത്യൻ കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കി.
കാര്യവട്ടം കാമ്പസിൽനിന്ന് സുവോളജിയില്‍ എം.എസ്.സി പൂർത്തിയാക്കിയതിനു ശേഷമാണ് സ്വപ്നയാത്രക്കായി തിരുവനന്തപുരത്തുതന്നെ സിവില്‍ സര്‍വിസ് പരീക്ഷ പഠനത്തിന് ചേര്‍ന്നത്.
ആദ്യതവണ സിവില്‍ സര്‍വിസില്‍ എത്തിപ്പിടിക്കാനായതിന്റെ സന്തോഷത്തിലാണ് ആനി. നൂറിൽ താഴെ റാങ്ക് നേടാനായത് സന്തോഷം ഇരട്ടിപ്പിക്കുന്നു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച ഓലിക്കുന്നേല്‍ ജോർജിന്റെയും മാമ്പൊയില്‍ എല്‍.പി സ്കൂള്‍ അധ്യാപിക സാലിയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.