എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ്; ഭാവിലോകത്തിനായി നൂതനാശയങ്ങൾ പങ്കുവെച്ച് വിദ്യാർഥികൾ
text_fieldsഎജുകഫേ എട്ടാം സീസൺ വേദിയിൽ എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ ഗൾഫ്
മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിനും ജഡ്ജിമാർക്കുമൊപ്പം
ഷാർജ: അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശന നഗരിയിൽ അരങ്ങേറുന്ന എജുകഫേ എട്ടാം സീസൺ വേദിയിൽ ഭാവിലോകത്തിനായി നൂതനാശയങ്ങൾ പങ്കുവെച്ച് വിദ്യാർഥികൾ. എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡിനായി മത്സരരംഗത്തെത്തിയ വിദ്യാർഥികളാണ് സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് പുതുസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള ഉപകരണങ്ങളും സംവിധാനങ്ങളും എജുകഫേ വേദിയിലെ നിറഞ്ഞ വേദിയിൽ പങ്കുവെച്ചത്.
ആകെ 21 ടീമുകൾ അണിനിരന്ന മത്സരത്തിൽ എല്ലാ ടീമുകളും പൊതു കാലത്തിന് യോജിച്ച ആശയങ്ങളുമായാണ് രംഗത്തെത്തിയത്. ആറ് ടീമുകളാണ് മത്സരത്തിൽ ഫൈനലിലെത്തിയത്. ബഡ്സ് പബ്ലിക്ക് സ്കൂൾ വിദ്യാർഥികളാണ് ഫൈനലിൽ ആദ്യ അവതരണം നടത്തിയത്. കാർഷിക മേഖലയുടെ ചരിത്രവും പ്രാധാന്യവും പ്രശ്നങ്ങളും അവതരിപ്പിച്ചുകൊണ്ട്, ഈ മേഖലയിലെ പുതിയ പ്രതിസന്ധികളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച ആശയമാണ് അവതരണത്തിലുണ്ടായിരുന്നത്. 'ബോൺസായി' എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് കർഷകരെ പരസ്പരം ബന്ധിപ്പിക്കുകയും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച രീതിയിൽ കൃഷി പ്രയോഗിക്കാൻ സഹായിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടാണ് അവതരണം മുന്നോട്ടുവെച്ചത്. രണ്ടാമത് അവതരണം നടത്തിയ ക്രസൻറ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ ഊർജ നഷ്ടത്തെ തടയാനുള്ള സാങ്കേതികവിദ്യയെക്കുറിച്ച കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്.
വൈദ്യുതി നഷ്ടം കുറക്കുന്നതിന് സഹായിക്കുന്ന അൽഗോരിതം പരിചയപ്പെടുത്തിയ ഇവർ, ഒരു സ്ഥലത്തെ വൈദ്യുതി ഉപയോഗം കണക്കാക്കി അത് കുറക്കുന്നതിന് ആവശ്യമായ സംവിധാനം രൂപപ്പെടുത്തുക എന്ന ആശയമാണിവർ പങ്കുവെച്ചത്. തുടർന്ന് അവതരണം നടത്തിയ ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ വിദ്യാർഥികൾ ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള ഹോളോഗ്രാം ഉപയോഗപ്പെടുത്തി നടത്തുന്ന വിദ്യാഭ്യാസ രീതിയെക്കുറിച്ച കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. ഓട്ടിസം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഭാവികാലത്തേക്ക് അനിവാര്യമായ ആലോചനകളായിരുന്നു ഇതിന്റെ ഉള്ളടക്കം. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഹൃദയാഘാതം നേരത്തെ തിരിച്ചറിയാനും തടയാനുമുള്ള സംവിധാനമാണ് പരിചയപ്പെടുത്തിയത്. സംവിധാനത്തിന്റെ മോഡലുമായി വേദിയിലെത്തിയ കുട്ടികളുടെ അവതരണം സദസ്സിന്റെ കൈയടി നേടി.
തുടർന്ന് ഷാർജ ഗൾഫ് ഏഷ്യൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ അവതരണം ട്രാഫിക് തിരക്കും അപകടങ്ങളും കുറക്കാൻ സഹായിക്കുന്ന നൂതനമായ റോഡ് ഗതാഗത സാങ്കേതികവിദ്യയാണ് പരിചയപ്പെടുത്തിയത്. വൻ നഗരങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന ഈ ആശയം ഭാവികാലത്ത് യു.എ.ഇയിലടക്കം ഉപയോഗിക്കാവുന്നതാണെന്ന് കുട്ടികൾ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഹാബിറ്റാറ്റ് സ്കൂൾ വിദ്യാർഥികൾ സ്മാർട്ട് ഓർഗൻ ട്രാൻസ് പ്ലാൻറ് എന്ന ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി അവയവ മാറ്റ ശസ്ത്രക്രിയകൾ എങ്ങനെ എളുപ്പമാക്കാം എന്നതിനെക്കുറിച്ച അവതരണമാണ് നടത്തിയത്.
പുതിയകാലത്തെ അഭിമുഖീകരിക്കുന്നതാണ് കുട്ടികളുടെ ആശയങ്ങളെന്ന് ജഡ്ജിമാരായ ടി.പി. ശറഫുദ്ദീൻ, ഇഹ്തിഷാമുദ്ദീൻ പുത്തൂർ എന്നിവർ വിലയിരുത്തി. കുട്ടികളുടെ ആശയങ്ങൾ വളരെ കരുത്തുറ്റതാണെന്ന് അഭിപ്രായപ്പെട്ട ജഡ്ജിമാർ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും പങ്കുവെച്ചു. ചടങ്ങിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ജഡ്ജിമാർക്ക് ഉപഹാരം നൽകി. മത്സര വിജയികളെ ശനിയാഴ്ച പ്രഖ്യാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.