എ.പി.ജെ. അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ്: ഷാർജ ഇന്ത്യൻ സ്കൂളിന് വിജയം
text_fieldsഷാർജ: അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയോടനുബന്ധിച്ച് നടന്ന എജുകഫേ എട്ടാം സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച എ.പി.ജെ. അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് മത്സരത്തിൽ ഷാർജ ഇന്ത്യൻ സ്കൂൾ ഒന്നാമതെത്തി. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഹൃദയാഘാതത്തെ നേരത്തെ തിരിച്ചറിയാനും തടയാനുമുള്ള സംവിധാനമാണ് പരിചയപ്പെടുത്തിയത്.
അഞ്ജലീന ആൻ, റാണ, മിഥ്വ എന്നിവരാണ് പദ്ധതി അവതരിപ്പിച്ചത്. മത്സരത്തിൽ രണ്ടാം സ്ഥാനം ഗൾഫ് ഏഷ്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച പ്രോജക്ടിനാണ് ലഭിച്ചത്. ട്രാഫിക് തിരക്കും അപകടങ്ങളും കുറയ്ക്കാൻ സഹായിക്കുന്ന നൂതനമായ റോഡ് ഗതാഗത സാങ്കേതികവിദ്യയാണ് ഇവർ പരിചയപ്പെടുത്തിയത്. വൻ നഗരങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന ഈ ആശയം ഭാവികാലത്ത് യു.എ.ഇയിലടക്കം ഉപയോഗിക്കാവുന്നതാണെന്ന് വിദ്യാർഥികൾ അവതരണത്തിൽ പറഞ്ഞു. സദ്ഗുണ വർഷൈൻ, ട്രേസി നിലോഫർ, ഗായത്രി എന്നിവരാണ് അവതരണം നടത്തിയത്. ഹാബിറ്റാറ്റ് സ്കൂളിന്റെ അവതരണത്തിനാണ് മൂന്നാം സ്ഥാനം നേടാനായത്. സ്മാർട്ട് ഓർഗൻ ട്രാൻസ് പ്ലാൻറ് എന്ന് ആപ്ലിക്കേഷൻസ് ഉപയോഗപ്പെടുത്തി അവയവമാറ്റ ശസ്ത്രക്രിയകൾ എങ്ങനെ എളുപ്പമാക്കാം എന്നതിനെ കുറിച്ച അവതരണമാണ് വിദ്യാർഥികളായ സിന്ധുജ, സോബിയ അർഷദ്, സയീദ സിദ്റ എന്നിവർ ചേർന്ന് നടത്തിയത്.
എജുകഫേ സമാപനച്ചടങ്ങിൽ 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു. ആകെ 21 ടീമുകൾ അണിനിരന്ന മത്സരത്തിൽ എല്ലാ ടീമുകളും പൊതുകാലത്തിന് യോജിച്ച ആശയങ്ങളുമായാണ് രംഗത്തെത്തിയത്. ആറ് ടീമുകളാണ് മത്സരത്തിൽ ഫൈനലിലെത്തിയത്. ടി.പി. ശറഫുദ്ദീൻ, ഇഹ്തിഷാമുദ്ദീൻ പുത്തൂർ എന്നിവരാണ് മത്സരത്തിന്റെ ജഡ്ജിമാരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.