സാങ്കേതിക സർവകലാശാല: ക്ലസ്റ്റർ സമ്പ്രദായം നിർത്തലാക്കുന്നു, എം.ടെക് കോഴ്സ് നടത്തിപ്പ് ഇനി നേരിട്ട്
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എം.ടെക് കോഴ്സുകളുടെ നടത്തിപ്പും ഘടനയും ഉള്ളടക്കവും മൂല്യനിർണയവും സമഗ്രമായി പരിഷ്കരിക്കാൻ ബോർഡ് ഓഫ് ഗവേണൻസ് അനുമതി. എം.ടെക് നടത്തിപ്പിന് നിലവിലുള്ള ക്ലസ്റ്റർ സംവിധാനം നിർത്തലാക്കാനും സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഏകീകൃത രീതിയിൽ അടുത്ത അധ്യയനവർഷം മുതൽ പുതിയ സമ്പ്രദായം നടപ്പാക്കാനുമാണ് തീരുമാനം. നിലവിൽ മേഖലാടിസ്ഥാനത്തിലുള്ള പത്ത് ക്ലസ്റ്ററുകൾക്ക് കീഴിലായിരുന്നു കോഴ്സ് നടത്തിപ്പ്. ഇതാണ് അവസാനിപ്പിക്കുന്നത്. രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സിന്‍റെ ആദ്യരണ്ട് സെമസ്റ്ററിൽ മാത്രമേ ക്ലാസ് റൂം പഠനം ഉണ്ടാവുകയുള്ളൂ. രണ്ടാം വർഷം പൂർണമായും മാസീവ് ഓപൺ ഓൺലൈൻ (മൂക്) കോഴ്സുകൾക്കും വ്യവസായബന്ധിത ഇന്‍റേൺഷിപ്പിനും പ്രോജക്ടിനുമായിരിക്കും.
രണ്ടാം വർഷം വിദ്യാർഥികൾക്ക് രണ്ട് ട്രാക്കുകളിൽ നിന്നും അഭിരുചിക്കനുസരിച്ച് ഒരു ട്രാക്ക് തെരഞ്ഞെടുക്കാം. ഒന്നാം ട്രാക്ക് തെരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് റെഗുലർ എം.ടെക് ബിരുദം ലഭിക്കും. രണ്ടാം ട്രാക്ക് ഉന്നതപഠനവും ഗവേഷണവും സംരംഭകത്വവും ലക്ഷ്യമിടുന്നവർക്കാണ്. ഒന്നാം സെമസ്റ്ററിൽ 8.5 ഗ്രേഡോ 'ഗേറ്റ്' മത്സരപരീക്ഷയിലെ സ്കോറോ ഉള്ളവർക്കേ രണ്ടാം ട്രാക്ക് എടുക്കാനാകൂ. ഇവർ മൂന്നാം സെമസ്റ്ററിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കണം. 123 എം.ടെക് കോഴ്സുകളെ 75 ഗ്രൂപ്പുകളായി തിരിക്കും. കോർ വിഷയങ്ങൾക്ക് പുറമെ, ഓരോ ഗ്രൂപ്പിനും പ്രത്യേകമായ കോർ, ഇലക്റ്റിവ് വിഷയങ്ങളുമുണ്ടാകും. ആകെയുള്ള 68 ക്രെഡിറ്റുകളിൽ, ആദ്യ രണ്ട് സെമസ്റ്ററുകളിൽ 18 ക്രെഡിറ്റ് വീതവും അവസാന രണ്ട് സെമസ്റ്ററുകളിൽ 16 ക്രെഡിറ്റ് വീതവുമാണ് നേടേണ്ടത്. ഒന്നാം സെമസ്റ്ററിൽ 12 ക്രെഡിറ്റെങ്കിലും നേടിയാൽ മാത്രമേ മൂന്നാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനാകൂ. പഠനത്തിനിടെ രണ്ട് സെമസ്റ്ററുകളിൽ താൽക്കാലിക അവധിയെടുക്കാനും സൗകര്യമുണ്ടാകും.
വ്യവസായ ബന്ധിത ഇന്‍റേൺഷിപ് നിർബന്ധം
വ്യവസായം, പഠന ഗവേഷണം, സംരംഭകത്വം എന്നീ മൂന്ന് മേഖലകളിലെ പ്രാവീണ്യം ഉറപ്പുവരുത്തും വിധമാണ് കോഴ്സുകൾ സംവിധാനിക്കുന്നത്. േപ്രാജക്റ്റ് അധിഷ്ഠിത പ്രായോഗിക പഠനങ്ങളും സന്ദർശനങ്ങളും, അനുഭവപരമായ പഠനങ്ങൾ, രാജ്യാന്തര ജേണലുകളിലെ പ്രബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരശേഖര പഠനങ്ങൾ, നിർബന്ധിത വ്യവസായബന്ധിത ഇന്‍റേൺഷിപ്പുകൾ, മിനി േപ്രാജക്ടുകൾ, വ്യവസായ ബന്ധിത ഇലക്റ്റീവ് വിഷയങ്ങൾ തുടങ്ങിയവയെല്ലാം സിലബസിന്‍റെ ഭാഗമാകും. ബിസിനസ് അനലിറ്റിക്സ്, വ്യവസായ സുരക്ഷ, ഓപറേഷൻ റിസർച്, എൻജിനീയറിങ് േപ്രാജക്ടുകളുടെ കോസ്റ്റ് മാനേജ്മെന്‍റ്, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിലെ മികവിനായുള്ള നൈപുണ്യവികസന പരിശീലനവും നിർബന്ധമാകും.
സർവകലാശാല പരീക്ഷ കോർ വിഷയങ്ങൾക്ക് മാത്രം
ക്ലാസ് റൂം പഠനം നിർബന്ധമാക്കിയിട്ടുള്ള കോർ വിഷയങ്ങൾക്കാണ് യൂനിവേഴ്സിറ്റി പരീക്ഷകൾ നടത്തുക. ആദ്യ രണ്ട് സെമസ്റ്ററുകളിലെ 36 ക്രെഡിറ്റുകളിൽ 15 ക്രെഡിറ്റിന് മാത്രമേ യൂനിവേഴ്സിറ്റി പരീക്ഷകൾ ഉണ്ടാകൂ. കോർ വിഷയത്തിന്റെ 100 മാർക്കിൽ 40 മാർക്ക് ആഭ്യന്തര മൂല്യനിർണയത്തിനാണ്. അതിൽ 20 മാർക്ക് മിനി േപ്രാജക്ടിനും 10 മാർക്ക് ടാസ്ക്, സെമിനാർ, വാചാപരീക്ഷ എന്നിവയിൽ ഒന്നിനും, 10 മാർക്ക് കോളജുതല പരീക്ഷക്കുമാണ്. ബാക്കി 60 മാർക്ക് 150 മിനിറ്റ് ദൈർഘ്യമുളള യൂനിവേഴ്സിറ്റി പരീക്ഷയിലൂടെയും ആയിരിക്കും.
ഇലക്റ്റീവുകൾ, വ്യവസായബന്ധിത വിഷയങ്ങൾ, േപ്രാജക്ടുകൾ എന്നിവക്കെല്ലാം കോളജ് തല മൂല്യനിർണയമാകും. പ്രായോഗികത, വിശകലനാത്മകത, ഡിസൈൻ എന്നീ മൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും മൂല്യനിർണയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.