സാേങ്കതിക സർവകലാശാല വിദ്യാർഥികൾക്ക് ഇനി 'പറന്നുപഠിക്കാം'
text_fieldsതിരുവനന്തപുരം: ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് ലോകത്തെ മികച്ച സർവകലാശാലകളുമായും ചേർന്ന് പഠിച്ച് ബിരുദം നേടാൻ വഴിയൊരുക്കുന്ന ട്വിന്നിങ് പ്രോഗ്രാമിന് തുടക്കംകുറിക്കാൻ എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാല ബോർഡ് ഒാഫ് ഗവേണേഴ്സ് തീരുമാനിച്ചു.
സാേങ്കതിക സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ബി.ടെക് ഉൾപ്പെടെ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികൾക്ക് നിശ്ചിത വർഷത്തെ പഠനത്തിന് ശേഷം നിശ്ചിതഭാഗം ഇന്ത്യയിലെയോ വിദേശത്തെയോ മികച്ച സർവകലാശാലകളിൽ പൂർത്തിയാക്കാൻ വഴിയൊരുക്കുന്ന രീതിയിലാണ് ഇത് ആസൂത്രണം ചെയ്യുക. ഇതിനുള്ള വിശദമായ മാർഗരേഖ അക്കാദമിക് കൗൺസിലിൽ അവതരിപ്പിക്കാൻ വി.സിയെ ചുമതലപ്പെടുത്തി.
ആദ്യഘട്ടത്തിൽ സർവകലാശാലക്ക് കീഴിൽ നാഷനൽ ബോർഡ് ഒാഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) അംഗീകരിച്ച കോഴ്സുകൾ നടത്തുന്ന 45ഒാളം കോളജുകളെയായിരിക്കും ഇതിനായി പരിഗണിക്കുക. ബി.ടെക് വിദ്യാർഥികളാണെങ്കിൽ ആദ്യത്തെ മൂന്ന് വർഷം (ആറ് സെമസ്റ്റർ) സാേങ്കതിക സർവകലാശാലക്ക് കീഴിലും ശേഷിക്കുന്ന പഠനം വിദേശത്തെ സർവകലാശാലയിലും പൂർത്തിയാക്കാം.
സാേങ്കതിക സർവകലാശാലയിൽ വിദ്യാർഥി നേടിയ ക്രെഡിറ്റുകൾ വിദേശത്തെ സർവകലാശാലക്ക് കൈമാറുകയും (ക്രെഡിറ്റ് ട്രാൻസ്ഫർ) അവിടെനിന്ന് വിദ്യാർഥിക്ക് ബിരുദം നേടാൻ സൗകര്യമൊരുക്കുകയും ചെയ്യും. വിദേശത്ത് പഠിക്കുന്ന ക്രെഡിറ്റുകൾ സ്വീകരിച്ച് സാേങ്കതിക സർവകലാശാലയിൽനിന്ന് ബിരുദം നേടാനുള്ള അവസരവുമുണ്ടാകും. മികച്ച കോളജുകൾക്ക് വിദേശ സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും ട്വിന്നിങ് പ്രോഗ്രാമിനായി സഹകരണത്തിലേർപ്പെടാൻ സർവകലാശാല സഹായങ്ങൾ നൽകും.
സർവകലാശാലകളുടെ ക്യു.എസ് ലോക റാങ്കിങ് ഉൾപ്പെടെയുള്ളവ പരിഗണിച്ചായിരിക്കും ട്വിന്നിങ് പ്രോഗ്രാം അനുവദിക്കുക. ഒരു കോളജിന് ഒന്നിലധികം സ്ഥാപനങ്ങളുമായി സഹകരണത്തിലേർപ്പെടാൻ സാധിക്കുന്ന വിധത്തിലായിരിക്കും പദ്ധതി.
വിദ്യാർഥികളുടെ തൊഴിൽ, ഉപരിപഠന സാധ്യതകൾ വർധിപ്പിക്കാൻ ട്വിന്നിങ് പ്രോഗ്രാം വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് സാേങ്കതിക സർവകലാശാല തീരുമാനം. സംസ്ഥാനത്ത് ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ഒരു സർവകലാശാല ട്വിന്നിങ് പ്രോഗ്രാം ആരംഭിക്കുന്നത് ഇതാദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.