കാലിക്കറ്റിന്‍റെ സ്വന്തം കേന്ദ്രങ്ങൾ ഒഴിവാക്കി ബി.എഡ് പ്രവേശന അപേക്ഷ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ 11 കേന്ദ്രങ്ങൾക്ക് അംഗീകാരമില്ലാത്തതിനാൽ ഇത്തവണ ബി.എഡ് സീറ്റുകൾക്ക് ആവശ്യക്കാരേറും. 11 സ്വാശ്രയ ബി.എഡ് കേന്ദ്രങ്ങൾ പൂട്ടാൻ എൻ.സി.ടി.ഇ (നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ) ശിപാർശ ചെയ്തതിനെതിരെ അപ്പീൽ നൽകിയെങ്കിലും അനുകൂല നിലപാടുണ്ടായിരുന്നില്ല. ഹൈകോടതിയിൽ ഹരജി നൽകാൻ തീരുമാനിച്ചെങ്കിലും നടപടി ഇഴയുന്നതിനിടെ കാലിക്കറ്റ് ബി.എഡ് പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
ഈ സെന്‍ററുകൾ ഒഴിവാക്കിയാണ് അപേക്ഷ ക്ഷണിച്ചത്. നിയമനടപടി തുടങ്ങിയിട്ട് പോലുമില്ലാത്തതിനാൽ ഈ അധ്യയനവർഷം സർവകലാശാലയുടെ ബി.എഡ് കേന്ദ്രങ്ങളിൽ പ്രവേശനത്തിന് സാധ്യത കുറവാണ്.
കോഴിക്കോട്, വടകര, ചക്കിട്ടപാറ, സുൽത്താൻ ബത്തേരി, മഞ്ചേരി, മലപ്പുറം, ചാലക്കുടി, അരണാട്ടുകര, കണിയാമ്പറ്റ, കൊടുവായൂർ, വലപ്പാട് എന്നീ കേന്ദ്രങ്ങളിൽ ഇത്തവണ പ്രവേശനമില്ല. 605 സീറ്റുകളാണ് ഈ കേന്ദ്രങ്ങളിലുള്ളത്.
സർവകലാശാലയുടെ സ്വാശ്രയ സംവിധാനമായിരുന്നെങ്കിലും താരതമ്യേന ഫീസ് കുറവായിരുന്നു ഇത്തരം സെന്‍ററുകളിൽ.
സ്വാശ്രയ ബി.എഡ് സെന്‍ററുകളിൽ മെറിറ്റ് സീറ്റിന് 45,000 മാനേജ്മെന്‍റ് സീറ്റിന് 60,000 രൂപയുമാണ് ഫീസ്.
സർവകലാശാല സെന്‍ററുകളിൽ എല്ലാ സീറ്റിനും 35,000 രൂപ മതിയായിരുന്നു. 57 സ്വാശ്രയ ബി.എഡ് സെന്‍ററുകളിലും രണ്ട് ഗവ. ബി.എഡ് സെന്‍ററുകളിലും രണ്ട് എയ്ഡഡ് ബി.എഡ് സെന്‍ററുകളിലുമാണ് ഇത്തവണ പ്രവേശനമുള്ളത്. ആദ്യം സ്വാശ്രയ കോളജുകളിലെ അപേക്ഷയാണ് ക്ഷണിച്ചത്.
സർവകലാശാല നേരിട്ട് നടത്തുന്ന കേന്ദ്രങ്ങളിൽ ആവശ്യമായ ഭൗതികസൗകര്യം ഒരുക്കാത്തതാണ് വിനയായത്. പലവട്ടം എൻ.സി.ടി.ഇ ഇക്കാര്യം സർവകലാശാലയെ അറിയിച്ചിരുന്നു. അപ്പീൽ നൽകിയും മറ്റും അംഗീകാരം നീട്ടിക്കൊണ്ടുപോയെകിലും ഈ വർഷം അപ്പീൽ കമ്മിറ്റിയും കാലിക്കറ്റിനൊപ്പം നിന്നില്ല. അംഗീകാരം നഷ്ടമായതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ ശേഖരിക്കാനുള്ളതിനാലാണ് നിയമനടപടി വൈകുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.