സ്പെഷൽ എജുക്കേറ്റർ നിയമനം; കേരളം ഉൾപ്പെടെ ആറാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണം
text_fieldsതിരുവനന്തപുരം: രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർഥികളെ പഠിപ്പിക്കാനുള്ള സ്പെഷൽ എജുക്കേറ്റർമാരുടെ നിയമനം സംബന്ധിച്ച് ആറാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കേരളമുൾപ്പെടെ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം.
നിയമനങ്ങളിലെ വിവേചനം ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ സ്പെഷൽ എജുക്കേറ്റർമാർ സമർപ്പിച്ച ഹരജിയിലാണിത്. സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് കോടതി ഉത്തരവിൽ പറയുന്നു. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷികുട്ടികളുടെ എണ്ണം, സ്പെഷൽ എജുക്കേറ്റർമാരുടെ എണ്ണം, ഒഴിവുകളുടെ എണ്ണം, താൽക്കാലിക സ്പെഷൽ എജുക്കേറ്റർമാരുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരങ്ങളടങ്ങിയ സത്യവാങ്മൂലമാണ് സമർപ്പിക്കേണ്ടത്. ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിന് സ്പെഷൽ എജുക്കേറ്റർമാരെ നിയമിക്കുന്നത് സംബന്ധിച്ച പ്രശ്നം പഠിച്ച് റിപ്പോർട്ട് നൽകാൻ 2021 ഒക്ടോബർ 28ന് സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.
ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ പര്യാപ്തമല്ലെന്നും യോഗ്യരായ സ്പെഷൽ എജുക്കേറ്റർമാരുടെ കുറവുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി.
ചില സംസ്ഥാന സർക്കാറുകൾ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് നേരത്തേ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത്. ഡൽഹി, ഗുജറാത്ത്, തെലങ്കാന, മണിപ്പൂർ സംസ്ഥാന സർക്കാറുകൾ വിദ്യാലങ്ങളിൽ സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിച്ചതായി കോടതിയെ അറിയിച്ചിരുന്നു. 2886 സ്പെഷൽ എജുക്കേറ്റർമാർ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നെന്നാണ് കേരളം കോടതിയെ ബോധിപ്പിച്ചത്.
ഇവർക്ക് കരാറടിസ്ഥാനത്തിൽ 36,000 രൂപ പ്രതിമാസ വേതനം നൽകുമെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ പ്രൈമറിയിൽ 20,000 രൂപയും സെക്കൻഡറിയിൽ 25,000 രൂപയുമാണ് വേതനം.
നേരത്തേ സംസ്ഥാനങ്ങൾ നൽകിയ സത്യവാങ്മൂലങ്ങൾ തൃപ്തികരമല്ലാത്തതിനാലാണ് സുപ്രീംകോടതി ചോദ്യങ്ങൾ വ്യക്തതവരുത്തി വീണ്ടും വിവരങ്ങൾ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.