കോന്നി മണ്ഡലത്തിലെ രണ്ട് നഴ്സിങ് കോളജിനും അനുമതി
text_fieldsകോന്നി മെഡിക്കൽ കോളജിലെ നഴ്സിങ് കോളജിൽ 60 സീറ്റും സീതത്തോട് കോളജിൽ 30 സീറ്റുമാണ് അനുവദിച്ചിട്ടുള്ളത്. കോഴഞ്ചേരി ജില്ല ആശുപത്രി പാരന്റ് ആശുപത്രിയായി അഫിലിയേറ്റ് ചെയ്താണ് സീതത്തോട് നഴ്സിങ് കോളജ് പ്രവർത്തിക്കുക
കോന്നി: നിയോജകമണ്ഡലത്തിൽ പുതുതായി അനുവദിച്ച സംസ്ഥാന സർക്കാർ അധീനതയിലുള്ള രണ്ട് നഴ്സിങ് കോളജുകൾക്കും അനുമതി ലഭിച്ചതായും ഈ വർഷംതന്നെ വിദ്യാർഥി പ്രവേശനം സാധ്യമാക്കുമെന്നും അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ അറിയിച്ചു. കോന്നി, സീതത്തോട് എന്നിവിടങ്ങളിൽ രണ്ട് നഴ്സിങ് കോളജാണ് സർക്കാർ അനുവദിച്ചത്.
കോന്നിയിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ടെക്നോളജി നഴ്സിങ് കോളജും സീതത്തോട്ടിൽ സെന്റർ ഫോർ പ്രഫഷനൽ അഡ്വാൻസ്ഡ് സ്റ്റഡീസ് ചുമതലയിലുള്ള നഴ്സിങ് കോളജുമാണ് പ്രവർത്തനം ആരംഭിക്കുന്നത്. കോന്നി മെഡിക്കൽ കോളജിലെ നഴ്സിങ് കോളജിൽ 60 സീറ്റാണ് അനുവദിച്ചത്.
സീതത്തോട് കോളജിൽ 30 സീറ്റുമാണ് അനുവദിച്ചിട്ടുള്ളത്. കേരള നഴ്സിങ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും പരിശോധനകളാണ് ഇപ്പോൾ പൂർത്തിയായത്. കോന്നി നഴ്സിങ് കോളജിനായി മൂന്നേക്കർ സ്ഥലം മെഡിക്കൽ കോളജിന് സമീപം അനുവദിച്ചിട്ടുണ്ട്.
ഇപ്പോൾ കോന്നി മെഡിക്കൽ കോളജിന്റെ അക്കാദമിക് ബ്ലോക്കിൽ രണ്ടാമത്തെ നിലയാണ് നഴ്സിങ് കോളജിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ക്ലാസ് റൂം, ലാബ്, ഫാക്കൽട്ടി റൂം, പ്രിൻസിപ്പൽ റൂം, ടോയ്ലറ്റുകൾ എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറി, പരീക്ഷ ഹാൾ എന്നിവ മെഡിക്കൽ കോളജ് വിദ്യാർഥികൾക്കൊപ്പം ഉപയോഗിക്കും. ആവശ്യമായ ഫർണിച്ചറുകൾ 17 ലക്ഷം രൂപ ചെലവിൽ എത്തിച്ചിട്ടുണ്ട്. എൽ.ബി.എസ് മുഖേന പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2021ലാണ് സീതത്തോട്ടിൽ നഴ്സിങ് കോളജ് സർക്കാർ പ്രഖ്യാപിച്ചത്. സീതത്തോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 14500 ചതുരശ്ര അടിയിലുള്ള നാലുനില കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. 30 സീറ്റാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. കോഴഞ്ചേരി ജില്ല ആശുപത്രി പാരന്റ് ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിൽ അഫിലിയേറ്റ് ചെയ്താണ് സീതത്തോട് നഴ്സിങ് കോളജ് പ്രവർത്തിക്കുക.
നിലവിൽ 45 ലക്ഷം രൂപയുടെ ഫർണിച്ചറുകളും ലാബ് ഉപകരണങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. സീതത്തോട് പഞ്ചായത്ത് 13 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയും ഇലക്ട്രിഫിക്കേഷനും നടത്തിയിട്ടുണ്ട്. ആദ്യവർഷം നഴ്സിങ് ഫൗണ്ടേഷൻ ഡിപ്പാർട്മെന്റും മെഡിക്കൽ സർജിക്കൽ നഴ്സിങ് ഡിപ്പാർട്മെന്റുമാണ് പ്രവർത്തിക്കുക. രണ്ടു നഴ്സിങ് കോളജുകളിലും ആവശ്യമായ ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.