ആർക്കിടെക്ട് ട്രെൻഡിനൊപ്പം
text_fieldsകലയും ഭാവനയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുള്ള പാഠ്യപദ്ധതിയാണ് ആർക്കിടെക്ചർ അഥവാ വാസ്തുവിദ്യ. സർഗാത്മകതയും കലാഭിരുചിയുമുള്ളവർക്ക് ഏറെ അനുയോജ്യമായ മേഖലയാണിത്. സൗന്ദര്യബോധവും നിരീക്ഷണ പാടവവും പടംവരക്കാനുള്ള കഴിവുമൊക്കെയാണ് ആർക്കിടെക്ചർ പഠനത്തിന് അഭികാമ്യം. ആസൂത്രണം, രൂപകൽപന, നിർമാണം, ഘടന മുതലായവയിലുള്ള ബൃഹത്തായ പ്രഫഷനൽ വിദ്യാഭ്യാസമാണ് ആർക്കിടെക്ചറിലൂടെ ലഭ്യമാകുന്നത്.
ആർക്കിടെക്ടാവാനുള്ള പ്രഫഷനൽ വിദ്യാഭ്യാസമാണ് ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ (ബി.ആർക്), മാസ്റ്റർ ഓഫ് ആർക്കിടെക്ച്ചർ (എം.ആർക്), പിഎച്ച്.ഡി എന്നിവ. കൗൺസിൽ ഓഫ് ആർക്കിടെക്ചറാണ് റെഗുലേറ്ററി ബോഡി. അഞ്ചു വർഷത്തെ ബി.ആർക്. പ്രവേശനത്തിന് നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) യോഗ്യത നേടണം. കേരളം അടക്കം ഇന്ത്യയിൽ 375 അംഗീകൃത സ്ഥാപനങ്ങളിലാണ് ആർക്കിടെക്ചർ പഠനാവസരമുള്ളത്. ഐ.ഐ.ടികളും എൻ.ഐ.ടികളും ഇതിൽപെടും. വിശദവിവരങ്ങൾ www.coa.gov.inൽ.
നാറ്റ-2024: ഏപ്രിൽ മുതൽ ജൂലൈ വരെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രണ്ട് സെഷനുകളായാണ് ‘നാറ്റ-2024’ സംഘടിപ്പിക്കുന്നത്. പരമാവധി മൂന്നുതവണ പങ്കെടുക്കാം. ആദ്യ പരീക്ഷ ഏപ്രിൽ ആറിന് തുടങ്ങും. ആദ്യ സെഷൻ രാവിലെ 10-1 മണിവരെയും രണ്ടാമത്തെ സെഷൻ 1.30 മുതൽ 4.30 മണി വരെയുമാണ്.
പരീക്ഷഘടന: പാർട്ട് എ -ഡ്രോയിങ് ആൻഡ് കോംപോസിഷൻ (കളറിങ്, സ്കെച്ചിങ്, 3ഡി ഉൾപ്പെടെ). ടെസ്റ്റ് ഓഫ് ലൈൻ. 90 മിനിറ്റ് (80 മാർക്ക്). പാർട്ട് ബി -കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ്- വിഷ്വൽ റീസണിങ്, ലോജിക്കൽ ഡെറിവേഷൻ, ആർക്കിടെക്ചർ ഡിസൈൻ പൊതുവിജ്ഞാനം, ഡിസൈൻ സെൻസിറ്റിവിറ്റി, ന്യൂമെറിക്കൽ എബിലിറ്റി മുതലായവയിലുള്ള പ്രാവീണ്യം വിലയിരുത്തപ്പെടും. 90 മിനിറ്റ് . ഒബ്ജക്ടീവ് മാതൃകയിലാണ് ടെസ്റ്റ്.
കേരളത്തിൽ എറണാകുളം/കൊച്ചി, കണ്ണൂർ, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് പരീക്ഷാ കേന്ദ്രങ്ങളാണ്.
യോഗ്യത: നാറ്റ 2024ൽ പങ്കെടുക്കുന്നതിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്വൺ, പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും വിജയിച്ചവർക്കും അർഹതയുണ്ട്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ത്രിവത്സര ഡിപ്ലോമക്കാരെയും പരിഗണിക്കും. അതേസമയം, ബി.ആർക് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളായി മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. 50 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമക്കാർക്കും പ്രവേശനമുണ്ട്.
നാറ്റ യോഗ്യത നേടുന്നതിന് പാർട്ട് എയിൽ 20 മാർക്കിൽ കുറയാതെയും പാർട്ട് ബിയിൽ 30 മാർക്കിൽ കുറയാതെയും മൊത്തത്തിൽ 70 മാർക്കിൽ കുറയാതെയും കരസ്ഥമാക്കണം. നാറ്റ സ്കോറിന് രണ്ടുവർഷത്തെ പ്രാബല്യമുണ്ട്. നാറ്റ 2024 സ്കോർ നേടുന്നവർ ബി.ആർക് പ്രവേശനത്തിന് യഥാസമയം പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. തൊഴിലവസരം: ആർക്കിടെക്ട് പ്രഫഷനലാവാൻ ബി.ആർക് ബിരുദമെടുത്ത് കൗൺസിൽ ഓഫ് ആർക്കിടെക്ച്ചറിൽ രജിസ്റ്റർ ചെയ്യണം. കെട്ടിട നിർമാണ മേഖലയിലും മറ്റുമാണ് തൊഴിലവസരം. സ്വന്തമായും പ്രാക്ടീസ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.