മാറ്റങ്ങളുമായി ആർമി അഗ്നിവീർ റിക്രൂട്ട്‌മെന്റ്
text_fieldsതിരുവനന്തപുരം: ആർമി അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഇന്ത്യൻ ആർമി പുതിയ രീതി നടപ്പിലാക്കുന്നു. വെള്ളിയാഴ്ച പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന പത്രസമ്മേളനത്തിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പുതിയ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് റിക്രൂട്ടിംഗ് അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ പി.രമേഷ് വിശദീകരിച്ചു. ഉദ്യോഗാർഥികൾ ആദ്യം പൊതുപ്രവേശന പരീക്ഷയ്ക്ക് വിധേയരാകണം എന്നതാണ് പ്രധാന മാറ്റം. പരീക്ഷയുടെ സിലബസിലും രീതിയിലും മാറ്റമില്ല.
അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ് & എട്ടാം പാസ്), അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നിവയ്‌ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 16 മുതൽ 15 മാർച്ച് 23 വരെ ചെയ്യാം.
പൊതുപ്രവേശന പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ റിക്രൂട്ട്‌മെന്റ് റാലികൾക്കായി നാമനിർദ്ദേശം ചെയ്ത സ്ഥലങ്ങളിലേക്ക് വിളിക്കും. റിക്രൂട്ട്‌മെന്റ് റാലികളുടെ മറ്റ് നടപടിക്രമങ്ങളിൽ മാറ്റമില്ല. പൊതുപ്രവേശന പരീക്ഷാ ഫലത്തെയും ഫിസിക്കൽ ടെസ്റ്റ് മാർക്കിനെയും അടിസ്ഥാനമാക്കിയുള്ളതാണ് അന്തിമ മെറിറ്റ് ലിസ്റ്റ്.
ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് തികച്ചും നിഷ്പക്ഷവും, സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണെന്നും ഇടനിലക്കാരുടെ ചതിയിൽ വീഴരുതെന്ന് മേജർ ജനറൽ പറഞ്ഞു.
നിശ്ചിത വിഭാഗങ്ങൾക്കുള്ള രജിസ്‌ട്രേഷനുള്ള പ്രായം, വിദ്യാഭ്യാസം, യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.