അത്ഭുത ലോകത്തിലേക്ക് ആത്മവിശ്വാസം പകർന്ന് അരുൺകുമാർ
text_fieldsഷാർജ: പുതുതലമുറയെ കാത്തിരിക്കുന്ന അത്ഭുതലോകത്തെ കുറിച്ച് വിവരിച്ചും ആത്മവിശ്വാസം പകർന്നും ഡോ. അരുൺകുമാർ. 'ഗൾഫ് മാധ്യമം' എജുകഫെയുടെ മൂന്നാംദിനത്തിലെ ഏറ്റവും ശ്രദ്ധേയമായ സെഷനുകളിലൊന്നായിരുന്നു കേരള യൂനിവേഴ്സിറ്റി അസി. പ്രഫസറും ടി.വി അവതാരകനുമായ അരുൺകുമാറിന്റേത്. വിദ്യാർഥികൾക്കുള്ളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ എങ്ങനെ കണ്ടെത്താമെന്നതായിരുന്നു അദ്ദേഹത്തിന്റെ സെഷൻ.
പ്രതിസന്ധികളെ അതിജീവിച്ചെത്തിയ പ്രമുഖരെ ഉദാഹരണസഹിതം നിരത്തിയാണ് അരുൺകുമാർ വിദ്യാർഥികളിലേക്കെത്തിയത്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഒരുമിച്ച് കാലെടുത്തുവെച്ച സചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയുമായിരുന്നു ഒരു ഉദാഹരണം.
സചിൻ എന്തുകൊണ്ട് ഇതിഹാസമായെന്നും കാംബ്ലി എന്തുകൊണ്ട് പരാജയപ്പെട്ടെന്നും തെളിവുകൾ സഹിതം അരുൺകുമാർ വിശദമാക്കി. സചിന്റെ അച്ചടക്കവും കാംബ്ലിയുടെ അച്ചടക്കമില്ലായ്മയുമായിരുന്നു വിജയപരാജയങ്ങൾ നിർണയിച്ച മുഖ്യഘടകം.
ഓട്ടോറിക്ഷ ഡ്രൈവറിൽനിന്ന് സി.എ പരീക്ഷയിൽ ഇന്ത്യയിലെ ടോപ്പറായ പ്രേമ ജയകുമാറിന്റെ അതിജീവന കഥയായിരുന്നു മറ്റൊരു ഉദാഹരണം. 14ാം വയസ്സിൽ ബലാത്സംഗത്തിനിരയായിട്ടും ലോകത്തിലെ ഏറ്റവും മികച്ച അവതാരകരിലൊരാളായി മാറിയ ഒപ്ര വിൻഫ്രെയുടെ കഥയും അരുൺകുമാർ കുട്ടികളുമായി പങ്കുവെച്ചു.
വളർച്ച മുരടിച്ചുവെന്ന് മെഡിക്കൽ ലോകം വിധിയെഴുതിയിട്ടും ലോക ഒന്നാം നമ്പറായി വളർന്ന ലയണൽ മെസ്സി, അഭിനയ പാരമ്പര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും മലയാളത്തിന്റെ മെഗാ സ്റ്റാറായി മാറിയ മമ്മൂട്ടി തുടങ്ങിയവരും ഉദാഹരണമായി വേദിയിലെത്തി. കംഫർട്ട് സോണിൽനിന്ന് പുറത്തുകടക്കണമെന്നതായിരുന്നു മറ്റൊരു ആഹ്വാനം. കംഫർട്ട് സോണിൽ ജീവിക്കാമായിരുന്നിട്ടും പോരാട്ടത്തിന്റെ വഴിയിലേക്കിറങ്ങിയ മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ ജീവിതകഥകളും ടേണിങ് പോയന്റുകളും അരുൺകുമാർ വിശദമാക്കി.
അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള സെൻസുണ്ടെങ്കിൽ നിങ്ങൾക്ക് ചരിത്രം തിരുത്തിക്കുറിക്കാം എന്നാവർത്തിച്ചാണ് അരുൺകുമാർ സെഷൻ അവസാനിപ്പിച്ചത്. ഇതിനു ശേഷം നടന്ന ടോപ്പേഴ്സ് ടോക്കിലും അദ്ദേഹം മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.