സ്വാശ്രയ എൻജി. കോളജുകൾക്ക് സ്വയംഭരണ പദവി; യു.ജി.സി സംഘം പരിശോധന തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് സ്വയംഭരണ പദവി നൽകുന്നതിന് യു.ജി.സി വിദഗ്ധസംഘം പരിശോധന ആരംഭിച്ചു. സ്വയംഭരണ പദവി നൽകുന്നതിന് ഇടത്അനുകൂല കോളജ് അധ്യാപക സംഘടനകൾ എതിരായിരിക്കെ വിദഗ്ധസംഘത്തിലേക്ക് ഉന്നത വിദ്യാഭ്യാസവകുപ്പും സാേങ്കതിക സർവകലാശാലയും പ്രതിനിധികളെ അനുവദിക്കുകയും ചെയ്തു. അതേസമയം, നിലവിൽ സ്വയംഭരണ പദവിയുള്ള സർക്കാർ കോളജായ എറണാകുളം മഹാരാജാസിെൻറ പദവി പുതുക്കുന്നതിനുള്ള അനുമതി അപേക്ഷ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ആഴ്ചകളായി കെട്ടിക്കിടക്കുകയാണ്. അഞ്ച് വർഷം പൂർത്തിയായതിനെതുടർന്നാണ് എറണാകുളം മഹാരാജാസ് കോളജ് പദവി പുതുക്കുന്നതിന് അനുമതി തേടിയത്. സ്വാശ്രയ കോളജുകളിൽ ആദ്യ പരിശോധന കോട്ടയം സെൻറ് ഗിറ്റ്സിൽ ഏതാനും ദിവസം മുമ്പ് യു.ജി.സി സംഘം പൂർത്തിയാക്കി.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള അഡീഷനൽ സെക്രട്ടറിയാണ് സർക്കാർ പ്രതിനിധിയായി സംഘത്തോടൊപ്പം ചേർന്നത്. സാേങ്കതിക സർവകലാശാല നിയോഗിച്ച എൻജിനീയറിങ് കോളജ് അധ്യാപകനും സംഘത്തിെൻറ ഭാഗമായി. അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരം മാർബസേലിയോസ്, എറണാകുളം രാജഗിരി എന്നീ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലും യു.ജി.സി സംഘം പരിശോധനക്കെത്തും. ഇൗ സംഘത്തിലേക്കുള്ള സർക്കാർ, സർവകലാശാല പ്രതിനിധികളെയും ഇതിനകം നിശ്ചയിച്ചിട്ടുണ്ട്. ഇതിന് പുറമെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജും യു.ജി.സിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സർക്കാർ അനുമതിയില്ലാതെയാണ് നാല് കോളജുകളും സ്വയംഭരണ പദവിക്കായി നേരിട്ട് യു.ജി.സിക്ക് അപേക്ഷ സമർപ്പിച്ചത്.
സ്വയംഭരണ പദവിക്കായി നേരിട്ട് അപേക്ഷിക്കാവുന്നരീതിയിൽ യു.ജി.സി ചട്ടങ്ങളിൽ മാറ്റം വരുത്തിയിരുന്നു. പരിശോധനസമിതിയിലേക്ക് പ്രതിനിധികളെ നൽകാൻ യു.ജി.സി സർക്കാറിനും സാേങ്കതിക സർവകലാശാലക്കും നിർദേശം നൽകിയിരുന്നു. കഴിഞ്ഞ സർക്കാർ 19 സ്വയംഭരണ കോളജുകൾക്ക് എൻ.ഒ.സി നൽകിയശേഷം ഇടതുസർക്കാർ പുതിയ കോളജുകൾക്ക് പദവി നൽകുന്നതിന് എതിരായ നിലപാടിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.