സംവരണവിവേചനം തിരുത്താതെ ആയുർവേദ പി.ജി പ്രവേശനം
text_fieldsതിരുവനന്തപുരം: മെഡിക്കൽ പി.ജിയിലേതിന് സമാനമായ സംവരണവിവേചനം ആയുർവേദ പി.ജി കോഴ്സിലേക്കും.
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (എസ്.ഇ.ബി.സി) സംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കിയാണ് ആയുർവേദ എം.ഡി/എം.എസ് കോഴ്സ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
ഇതുപ്രകാരമുള്ള അലോട്ട്മെൻറ് നടപടികൾ പ്രവേശനപരീക്ഷ കമീഷണർ ആരംഭിക്കുകയും ചെയ്തു. എസ്.ഇ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കിയപ്പോൾ മുന്നാക്കസംവരണം 10 ശതമാനം അനുവദിച്ചു.
എസ്.ഇ.ബി.സി വിഭാഗത്തിൽ ഇൗഴവ വിഭാഗത്തിന് മൂന്നും മുസ്ലിം രണ്ടും പിന്നാക്ക ഹിന്ദു, ലത്തീൻ കത്തോലിക്ക, പിന്നാക്ക ക്രിസ്ത്യൻ, കുഡുംബി വിഭാഗങ്ങൾക്ക് ഒരു ശതമാനം വീതവുമാണ് സംവരണം അനുവദിച്ചത്. എസ്.സി വിഭാഗത്തിന് എട്ടും എസ്.ടി വിഭാഗത്തിന് രണ്ടും ശതമാനവും സംവരണമുണ്ട്.
മെഡിക്കൽ/എൻജിനീയറിങ് ബിരുദ കോഴ്സുകളിൽ ഉൾപ്പെടെ എസ്.ഇ.ബി.സി സംവരണം 30 ശതമാനമാണെന്നിരിക്കെയാണ് മെഡിക്കൽ പി.ജി പ്രവേശനത്തിന് പിന്നാലെ ആയുർവേദ പി.ജിയിലും പിന്നാക്കസംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കിയത്.
ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന പിന്നാക്കസമുദായങ്ങൾക്കുള്ള ആകെ സംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കിയാണ് മുന്നാക്കസംവരണം 10 ശതമാനം അനുവദിക്കുന്നത്.
പി.ജി കോഴ്സുകളിലെ സംവരണ വിവേചനം സംബന്ധിച്ച് സംസ്ഥാന പിന്നാക്കവിഭാഗ കമീഷൻ ആരോഗ്യ, ആയുഷ് വകുപ്പ് ഉദ്യോഗസ്ഥരെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാരെയും വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കമീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സംവരണവിവേചനം ആവർത്തിച്ച് ആയുർവേദ പി.ജി പ്രവേശന നടപടികൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.