ആയുർവേദ നഴ്സിങ്/ഫാർമസി ബിരുദ പ്രവേശനം
text_fieldsഎം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ്, പറശ്ശിനിക്കടവ് (കണ്ണൂർ) നടത്തുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ അപേക്ഷ ക്ഷണിച്ചു. അപേക്ഷഫീസ് 600 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 300 രൂപ. ബി.എസ് സി നഴ്സിങ് (ആയുർവേദം), സീറ്റുകൾ 50; ബി.ഫാം (ആയുർവേദം) സീറ്റുകൾ 50.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. പട്ടികജാതി/വർഗ വിദ്യാർഥികൾ യോഗ്യതപരീക്ഷ മിനിമം മാർക്കോടെ പാസായാൽ മതി. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.lbscentre.kerala.gov.inൽ ലഭിക്കും. നിർദേശാനുസരണം ഇന്നു മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ നാലു വരെ അപേക്ഷ സ്വീകരിക്കും.
പ്രവേശനപരീക്ഷയില്ല. യോഗ്യതപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് സെലക്ഷൻ. ബി.എസ് സി നഴ്സിങ് (ആയുർവേദം) കോഴ്സിൽ ഗവൺമെന്റ് മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്നവർ ആദ്യവർഷം ട്യൂഷൻ ഫീസായി 53,000 രൂപയും സ്പെഷൽ ഫീസായി 25,000 രൂപയും അടക്കണം. ബി.ഫാം (ആയുർവേദം) കോഴ്സിൽ വാർഷിക ട്യൂഷൻ ഫീസായി 63,600 രൂപയും സ്പെഷൽ ഫീസായി 30,000 രൂപയും അടക്കണം. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയോട് അഫിലിയേറ്റ് ചെയ്താണ് കോഴ്സുകൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.