ബാലുശ്ശേരി ഗവ. വി.എച്ച്.എസ്.എസ് തൊഴിൽ നൈപുണി കേന്ദ്രമാകുന്നു
text_fieldsബാലുശ്ശേരി: ബാലുശ്ശേരി ബി.ആർ.സിയുടെ കീഴിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ തൊഴിൽ നൈപുണി കേന്ദ്രമാകുന്നു. പഠനത്തിനൊപ്പമോ പഠനശേഷമോ തൊഴിൽ പഠിക്കാൻ ഈ നൈപുണി കേന്ദ്രത്തിൽനിന്ന് സാധിക്കും. ജില്ല ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി. ടെലികോം ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്ൾ സർവിസ് ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് ഇവിടെ അനുവദിക്കപ്പെട്ടത്. ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട്, കോട്ടൂർ, ഉള്ള്യേരി, നടുവണ്ണൂർ, ഉണ്ണികുളം പഞ്ചായത്തുകളിലെ തൊഴിൽ പഠിക്കാൻ ആഗ്രഹിക്കുന്ന 11, 12 ക്ലാസുകാർക്കും സ്കൂൾ പഠനം പൂർത്തിയാക്കിയ 21 വയസ്സ് വരെയുള്ളവർക്കും പ്രവേശനം ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും തൊഴിലും ഉറപ്പാക്കും.
ഔപചാരിക വിദ്യാഭ്യാസം ലഭിച്ച തൊഴിൽ വൈദഗ്ധ്യം ലഭിക്കാത്തവർ, സ്കൂൾ പഠനം മുടങ്ങിയവർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ, ആദിവാസി വിഭാഗങ്ങൾ, തീരദേശം, തോട്ടം മേഖലയിലുള്ളവരുടെ മക്കൾ എന്നിവർക്ക് മുഖ്യ പരിഗണനയുണ്ടാവും. ലാബുകൾക്കും അനുബന്ധ ചെലവുകൾക്കുമായി സ്കൂളിന് 21.5 ലക്ഷം രൂപ അനുവദിച്ചു. എസ്.എസ്.കെ ഫണ്ടിനത്തിൽ പുതിയ ക്ലാസ് മുറികൾക്കും ലാബിനുമായി 35 ലക്ഷവും അനുവദിച്ചിട്ടുണ്ട്. എല്ലാവിധ സംവരണ തത്ത്വങ്ങളും പാലിച്ച് വിദ്യാർഥി പ്രവേശനം ഉടനെ ആരംഭിക്കുമെന്ന് പ്രോജക്ട് കോഓഡിനേറ്റർ എം. മധുസൂദനൻ, പ്രിൻസിപ്പൽ എ.കെ. ശ്രീജ, പ്രധാനാധ്യാപിക എം. സിന്ധു, പി.ടി.എ പ്രസിഡന്റ് സജിൽ കൊമ്പിലാട് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.