വിദ്യാർഥികൾക്ക് നോട്ട്സ് വാട്സ്ആപ്പിലൂടെ നൽകുന്നതിന് വിലക്ക്
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് നോട്ട്‌സ് ഉൾപ്പടെ പഠന കാര്യങ്ങൾ വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷൻ ഇടപെടലിനെ തുടർന്നാണിത്.
കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നെങ്കിലും നിലവിൽ സ്‌കൂളുകളിൽ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികൾക്ക് പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്‌സ് ഉൾപ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നൽകുന്ന രീതി ഗുണകരമല്ലെന്നു സർക്കുലറിൽ പറയുന്നു.
കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്‌കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.
പഠന കാര്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ നൽകുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് ബാലാവകാശ കമീഷൻ അംഗം എൻ. സുനന്ദ നൽകിയ നോട്ടീസിനെ തുടർന്നാണ് എല്ലാ ആർ.ഡി.ഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.