സംവരണം പടിക്കുപുറത്ത്; ഐ.ഐ.എമ്മുകളിലും ഐ.ഐ.ടികളിലും അധ്യാപക നിയമനത്തിൽ വിവേചനം
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) എന്നിവിടങ്ങളിലെ അധ്യാപക തസ്തികകളിൽ സംവരണ വിഭാഗങ്ങൾക്ക് അവഗണന.
90 ശതമാനം അധ്യാപകരും പൊതുവിഭാഗത്തിൽനിന്നുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അഖിലേന്ത്യാ ഒ.ബി.സി വിദ്യാർഥി അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഗൗദ് കിരൺ കുമാറാണ് വിവരാവകാശ നിയമപ്രകാരം രേഖകൾ സംഘടിപ്പിച്ചത്.
രണ്ട് ഐ.ഐ.ടികളിലും മൂന്ന് ഐ.ഐ.എമ്മുകളിലും 90 ശതമാനത്തിലധികം അധ്യാപകരും പൊതു വിഭാഗത്തിൽനിന്നുള്ളവരാണ്. ആറ് ഐ.ഐ.ടികളിലും നാല് ഐ.ഐ.എമ്മുകളിൽ 80-90 ശതമാനമാണ് പൊതുവിഭാഗത്തിൽനിന്നുള്ള അധ്യാപകർ.
ഐ.ഐ.എം ഇന്ദോറിലെ 109 അധ്യാപകരിൽ 106 പേരും (97.2 ശതമാനം) പൊതുവിഭാഗത്തിൽനിന്നാണ്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഇവിടെ പ്രാതിനിധ്യമില്ല. ഐ.ഐ.എം ഉദയ്പുർ, ഐ.ഐ.എം ലഖ്നോ എന്നിവിടങ്ങളിലെ 90 ശതമാനത്തിലധികം അധ്യാപകരും പൊതുവിഭാഗത്തിൽനിന്നാണ്. ഐ.ഐ.എം ബംഗളൂരുവിൽ 85 ശതമാനമാണ് പൊതുവിഭാഗം അധ്യാപകർ. ആറ് ഐ.ഐ.എമ്മുകളിൽ എസ്.ടി പ്രാതിനിധ്യമില്ല.
ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി ഖരഗ്പൂർ എന്നിവിടങ്ങളിൽ 90 ശതമാനവും പൊതുവിഭാഗത്തിൽനിന്നാണ്. മാണ്ഡി, ഗാന്ധിനഗർ, കാൺപുർ, ഗുവാഹതി, ഡൽഹി ഐ.ഐ.ടികളിൽ 80-90 ശതമാനമാണ് പൊതുവിഭാഗത്തിൽനിന്നുള്ളവർ.
അതേസമയം, ചില ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും സംവരണ വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട പരിഗണന ലഭിച്ചിട്ടുണ്ട്. ഐ.ഐ.ടി പട്നയിൽ 12 ശതമാനം മാത്രമാണ് പൊതുവിഭാഗം അധ്യാപകർ. ഇവിടെ 38 ശതമാനം അധ്യാപകർ ഒ.ബി.സിക്കാരാണ്. എസ്.സി -22 ശതമാനം, എസ്.ടി -13 ശതമാനം എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളുടെ നില. ഐ.ഐ.ടി ഭിലായി, ഐ.ഐ.ടി ഇന്ദോർ എന്നിവിടങ്ങളിൽ 50 ശതമാനം വീതമാണ് പൊതുവിഭാഗത്തിൽനിന്നുള്ളവർ.
ഐ.ഐ.എമ്മുകളിൽ ഏറ്റവും സന്തുലിതമായ അധ്യാപക അനുപാതമുള്ളത് ഐ.ഐ.എം ജമ്മുവിലാണ്. പൊതുവിഭാഗം -51 ശതമാനം, എസ്.സി 19 ശതമാനം, എസ്.ടി അഞ്ച് ശതമാനം, ഒ.ബി.സി 23 ശതമാനം എന്നിങ്ങനെയാണ് അധ്യാപകരുടെ അനുപാതം.
സംവരണ വിഭാഗങ്ങൾക്കുള്ള നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഒഴിവ് വിവരങ്ങൾ നൽകിയ ഏഴ് ഐ.ഐ.എമ്മുകളിൽ 256 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 88 എണ്ണം ഒ.ബി.സി, 54 എണ്ണം എസ്.സി, 30 എണ്ണം എസ്.ടി വിഭാഗങ്ങൾക്കുള്ളതാണ്.
വിവരങ്ങൾ നൽകിയ 11 ഐ.ഐ.ടികളിൽ 1557 തസ്തികകളാണ് ഒഴിവുള്ളത്. ഇതിൽ 415 എണ്ണം ഒ.ബി.സി, 234 എസ്.സി, 129 എസ്.ടി എന്നീ വിഭാഗങ്ങൾക്കുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.