ബി.എച്ച്.എം.എസ്: ചട്ടങ്ങൾ പ്രാബല്യത്തിൽ
text_fieldsപാലക്കാട്: ബാച്ച്ലർ ഓഫ് ഹോമിയോപ്പതിക് മെഡിസിൻ ആൻഡ് സർജറി കോഴ്സിന്റെ (ബി.എച്ച്.എം.എസ്) ഘടന പുനർ നിർവചിച്ച് വിജ്ഞാപനം പ്രാബല്യത്തിലായി. ദേശീയ ഹോമിയോപ്പതി കമീഷനാണ് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. യോഗ്യത മാനദണ്ഡങ്ങളും പ്രവേശന രീതികളുമടക്കം ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്. പരീക്ഷകൾ, ഫലങ്ങൾ, കോഴ്സിലേക്കുള്ള പുനഃപ്രവേശനം, യൂനിവേഴ്സിറ്റി പരീക്ഷ, മൂല്യനിർണയ പ്രക്രിയ, വിദ്യാർഥികളുടെ മൈഗ്രേഷൻ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഇതിലുണ്ട്.
അക്കാദമിക് കലണ്ടർ, ട്യൂഷൻ ഫീസ്, നിർബന്ധിത റൊട്ടേറ്ററി ഇന്റേൺഷിപ് തുടങ്ങിയവയും കോഴ്സ് ദൈർഘ്യം, പഠനരീതി, ഗവേഷണ പുരോഗതിക്ക് അനുബന്ധമായ രീതിശാസ്ത്രം എന്നിവയും വിജ്ഞാപനത്തിൽ പ്രതിപാദിക്കുന്നു.
ദേശീയ ഹോമിയോപ്പതി കമീഷനു കീഴിലുള്ള അതോറിറ്റി നടത്തുന്ന ഏകീകൃത പ്രവേശന പരീക്ഷയുടെ (നീറ്റ്) അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഓപൺ സ്കൂളിൽനിന്നോ പ്രൈവറ്റ് കാൻഡിഡേറ്റായോ വിജയിച്ചവർ നീറ്റിൽ പങ്കെടുക്കാൻ യോഗ്യരല്ല. നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ അഖിലേന്ത്യ കോമൺ മെറിറ്റ് ലിസ്റ്റും യോഗ്യരായവരുടെ സംസ്ഥാനം തിരിച്ചുള്ള മെറിറ്റ് ലിസ്റ്റും തയാറാക്കും. കൗൺസലിങ്ങിലൂടെയാണ് പ്രവേശനം. 12 മാസത്തെ നിർബന്ധിത റൊട്ടേറ്ററി ഇന്റേൺഷിപ് ഉൾപ്പെടെ അഞ്ചുവർഷവും ആറുമാസവുമാണ് കോഴ്സ് ദൈർഘ്യം. ഇന്റേൺഷിപ് പ്രോഗ്രാമിൽ ചേരാൻ നാല് പ്രഫഷനൽ പരീക്ഷകളും വിജയിക്കണം. ഹോമിയോപ്പതിയിലെ ശാസ്ത്ര -സാങ്കേതിക വികാസങ്ങൾ ഉൾപ്പെടുത്തി അഞ്ചുവർഷം കൂടുമ്പോൾ സിലബസ് പരിഷ്കരിക്കും.
വിദഗ്ധ സമിതി ശിപാർശ പ്രകാരം മൾട്ടി ഡിസിപ്ലിനറി കോർ കമ്മിറ്റി ഇവ ഹോമിയോപ്പതി തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം നടത്തി പരിഗണനക്ക് വെക്കും. ദേശീയ കമീഷന്റെ പോർട്ടലിലൂടെ ഗവേഷകർക്കും മറ്റും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാമെന്നും വിജ്ഞാപനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.