ഉയരങ്ങളിലെത്താൻ ബിറ്റ്സ്
text_fieldsരാജ്യത്തെ പ്രമുഖ ശാസ്ത്രസാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് അഥവാ ബിറ്റ്സിൽ പ്രവേശനത്തിന് ഒരുങ്ങാൻ സമയമായി. ബിറ്റ്സിന്റെ പിലാനി, ഗോവ, ഹൈദരാബാദ്, മുംബൈ, ദുബൈ കാമ്പസുകളിലായി 2024-25 അധ്യയനവർഷം നടത്തുന്ന വിവിധ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ (ബിറ്റ്സാറ്റ് 2024) രണ്ട് സെഷനുകളായി സംഘടിപ്പിക്കും. ആദ്യ സെഷൻ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ് മേയ് 21 മുതൽ 26 വരെയും രണ്ടാമത്തെ സെഷൻ ജൂൺ 22 മുതൽ 26 വരെയും നടത്തും.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷകേന്ദ്രങ്ങളാണ്. മംഗലാപുരത്തും കോയമ്പത്തൂരിലും ഇന്ത്യക്കുപുറത്ത് ദുബൈയിലും കാഠ്മണ്ഡുവിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഒരാൾക്ക് പരമാവധി രണ്ടുതവണ പരീക്ഷയിൽ പങ്കെടുക്കാം. മൂന്നു മണിക്കൂർ ബിറ്റ്സാറ്റ് പരീക്ഷയിൽ നാലുഭാഗങ്ങളുണ്ടാവും. 1. ഫിസിക്സ് 2. കെമിസ്ട്രി 3. ഇംഗ്ലീഷ് പ്രൊഫിഷൻസി ലോജിക്കൽ റീസണിങ് 4. മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി. മൾട്ടിപ്ൾ ചോയ്സ് മാതൃകയിൽ 130 ചോദ്യങ്ങളുണ്ടാവും.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത് സ് വിഷയങ്ങൾക്ക് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെയും ഓരോന്നിനും 60 ശതമാനം കുറയാതെയും പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് (ബി.ഇ, ബി.ഫാം, എം.എസ് സി കോഴ്സ് പ്രവേശനത്തിന് അർഹത) അപേക്ഷിക്കാം. ബി.ഫാം കോഴ്സിന് പ്ലസ്ടു ബയോളജിക്കു പകരം മാത്്സുകാരെയും പരിഗണിക്കും. ഇംഗ്ലീഷിൽ പ്രാവീണ്യം വേണം. ബിറ്റ്സാറ്റ് 2024 വിജ്ഞാപനവും ബ്രോഷറും www.bitsadimission.comൽ. അപേക്ഷ ഫീസ് ഒറ്റത്തവണ 3400 രൂപ.(വനിതകൾക്ക് 2900). രണ്ടാംതവണ ഫീസ് 5400 രൂപ (വനിതകൾക്ക് 4400). ദുബൈ തിരഞ്ഞെടുക്കുന്നവർക്ക് ഒറ്റത്തവണ 7000 രൂപയും രണ്ടുതവണക്ക് 9000 രൂപയുമാണ് ഫീസ്. ഓൺലൈനായി ഏപ്രിൽ 11 വരെ അപേക്ഷിക്കാം. ടെസ്റ്റ് തീയതിയും സ്ലോട്ടും മേയ് 6-10 വരെ സൗകര്യാർഥം റിസർവ് ചെയ്യാം.
മിടുക്കരും അർഹരുമായവർക്ക് സ്കോളർഷിപ്പും ഫെലോഷിപ്പും മറ്റു സാമ്പത്തിക സഹായങ്ങളും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.