ഹിന്ദിവത്കരണം തുടരുന്നു; എം.ബി.ബി.എസ് വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളും ഇനി 'രാഷ്ട്രഭാഷ'യിൽ
text_fieldsഎം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്റെ ഹിന്ദ് പതിപ്പ് ഒരുങ്ങുന്നു. ഒക്ടോബർ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭോപ്പാലിൽ പ്രകാശനം നിർവഹിക്കും. ഇതോടെ ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറും.
മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, അനാട്ടമി എന്നീ പുസ്തകങ്ങളുടെ വിവർത്തനം ചെയ്ത പതിപ്പുകൾ 97 ഡോക്ടർമാരുടെ സമിതി ഒമ്പത് മാസത്തോളമെടുത്താണ് തയാറാക്കിയതെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളജിൽനിന്ന് (ജി.എം.സി) ആരംഭിക്കുന്ന പദ്ധതി നിലവിലെ അധ്യയന സെഷനിൽ സർക്കാർ നടത്തുന്ന 13 മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കും. തുടർന്നുള്ള നീക്കങ്ങളുടെ മാർഗരേഖ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ പുസ്തകങ്ങൾ വിവർത്തനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന സ്ഥാപനങ്ങളിൽ പഠന മാധ്യമമായി ഹിന്ദി ഉപയോഗിക്കാനുള്ള അമിത് ഷായുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭാഷാ പാർലമെന്ററി സമിതിയുടെ നീക്കത്തിനെതിരെ രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രംഗത്തുവന്നിരുന്നു. ഇംഗ്ലീഷ് ഭാഷയോടുള്ള ഇന്ത്യക്കാരുടെ ആകർഷണം 95 ശതമാനം പ്രതിഭകളെയും രാജ്യത്തിന്റെ പുരോഗതിയിലേക്ക് സംഭാവന ചെയ്യുന്നതിൽനിന്ന് തടഞ്ഞുവെന്ന് ആഗസ്റ്റിൽ തന്റെ ഭോപ്പാൽ സന്ദർശന വേളയിൽ ഷാ പറഞ്ഞിരുന്നു.
ഹിന്ദി മീഡിയത്തിൽ വിദ്യാഭ്യാസം നേടിയാലും ജീവിതത്തിൽ പുരോഗതി കൈവരിക്കാനാകുമെന്നും ഈ നീക്കം മാതൃഭാഷയിൽ അഭിമാനം തോന്നാനും ആളുകളുടെ ചിന്താഗതി മാറ്റാനും സഹായകരമാകുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറയുന്നു.
"ഈ വർഷം ഫെബ്രുവരി 11ന് ഞങ്ങൾ ആദ്യ യോഗം ചേർന്നു. തുടർന്ന് ഒരു ടാസ്‌ക് ഫോഴ്‌സും ഹിന്ദി മെഡിക്കൽ സെല്ലും രൂപവത്കരിച്ചു. മിക്ക കോളജുകളിലും പാഠപുസ്തകങ്ങളായി ഉപയോഗിക്കുന്ന പുസ്തകങ്ങളുടെ എഴുത്തുകാരെയും പ്രസാധകരെയും കണ്ടെത്തി നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ അവരുമായി ധാരണാപത്രം ഒപ്പുവെച്ചു. തുടർന്ന് ഉള്ളടക്കങ്ങൾ വിവർത്തനം ചെയ്യാൻ സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന് ഡോക്ടർമാരെ ലഭിച്ചു," മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. തുടക്കത്തിൽ എല്ലാവരും ഈ ആശയത്തോട് യോജിച്ചില്ലെന്നും വിദഗ്ധരിൽനിന്ന് എതിർപ്പുണ്ടായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഇത്തരമൊരു നീക്കത്തിനെതിരെ വിമർശനവും വ്യാപകമാണ്. ഇത് നിർബന്ധമാക്കിയാൽ, അത്തരം ഉദ്യോഗാർഥികൾക്ക് മധ്യപ്രദേശിലോ മറ്റ് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലോ മാത്രമേ ജോലി ചെയ്യാൻ കഴിയൂവെന്ന് മധ്യപ്രദേശ് ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷൻ (അണ്ടർ ഗ്രാജുവേറ്റ് വിഭാഗം) മുൻ സംസ്ഥാന പ്രസിഡന്റ് ആകാശ് സോണി പറഞ്ഞു. വിദേശത്ത് പോകുന്നവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അറിവും വൈദഗ്ധ്യവും വർധിപ്പിച്ച് മടങ്ങിയെത്തിയ നിരവധി ഡോക്ടർമാർ മധ്യപ്രദേശിലെ കോളജുകളിൽ പോലുമുണ്ട്. അത്തരം അവസരങ്ങൾ നിയന്ത്രിക്കപ്പെടും", ഡോ. സോണി ചൂണ്ടിക്കാട്ടി.
ഈ പരിമിതികൾ മനസ്സിലാക്കി പലതിനും ഇംഗ്ലീഷ് അല്ലെങ്കിൽ ഗ്രീക്ക് പദങ്ങൾ നിലനിർത്തിയിട്ടുണ്ടെന്ന് സമിതി അംഗം കൂടിയായ മനോരോഗ വിദഗ്ധൻ ഡോ. സത്യകാന്ത് ത്രിവേദി പറഞ്ഞു. ഇംഗ്ലീഷ് പുസ്തകങ്ങൾ നിർത്തലാക്കാൻ സംസ്ഥാനത്തിന് പദ്ധതിയില്ലാത്തതിനാൽ ഇതിനെ "ഹിന്ദി വേഴ്സസ് ഇംഗ്ലീഷ്" ചർച്ചയായി കാണരുതെന്ന് മധ്യപ്രദേശ് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. ജിതൻ ശുക്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.