എൻ.ആർ.ഐ വിദ്യാർഥികളിൽ നിന്ന് തുക ഈടാക്കേണ്ടെന്ന് സർക്കാർ; ബി.പി.എൽ സ്കോളർഷിപ് നിലക്കുന്നു
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ യോഗ്യരായ നിർധന വിദ്യാർഥികളുടെ പഠനം ഉറപ്പാക്കാൻ ആവിഷ്കരിച്ച ബി.പി.എൽ സ്കോളർഷിപ്പിന്റെ നടത്തിപ്പിനായി രൂപവത്കരിച്ച സഞ്ചിത നിധിയിലേക്ക് (കോർപസ് ഫണ്ട്) എൻ.ആർ.ഐ വിദ്യാർഥികളിൽനിന്ന് തുക ഈടാക്കുന്നത് ആരോഗ്യവകുപ്പ് തടഞ്ഞു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷാ കമീഷണർക്ക് കത്ത് നൽകി. ഇതോടെ പാവപ്പെട്ട വിദ്യാർഥികൾക്ക് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പഠനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2018ൽ ആവിഷ്കരിച്ച ബി.പി.എൽ സ്കോളർഷിപ് പദ്ധതി പൂർണമായും നിലച്ചു.
സ്കോളർഷിപ്പിനായി എൻ.ആർ.ഐ വിദ്യാർഥികളിൽനിന്ന് കോർപസ് ഫണ്ട് ഈടാക്കുന്നത് സംബന്ധിച്ച് നിയമനിർമാണം നടത്തുന്നത് വരെയോ സുപ്രീംകോടതിയിലെ അപ്പീലിൽ അനുകൂല വിധി വരും വരെയോ വിദ്യാർഥികളിൽനിന്ന് കോർപസ് ഫണ്ടിലേക്ക് തുക ഈടാക്കാനാകില്ലെന്നാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിൽ പറയുന്നത്. ഇതോടെ എൻ.ആർ.ഐ വിദ്യാർഥികളിൽനിന്ന് പ്രവേശന പരീക്ഷാ കമീഷണർ നേരിട്ട് സഞ്ചിത നിധിയിലേക്ക് ഈടാക്കിയിരുന്ന തുക വാങ്ങാനാകാത്ത സ്ഥിതിയായി. എൻ.ആർ.ഐ േക്വാട്ടയിലെത്തുന്ന വിദ്യാർഥികളിൽനിന്ന് ഫീസിനത്തിൽ ഈടാക്കുന്ന 20 ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷമാണ് സഞ്ചിതനിധിയിലേക്ക് സമാഹരിക്കുന്നത്. ജില്ല കലക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അർഹരെന്ന് കണ്ടെത്തുന്നവർക്ക് വാർഷിക ഫീസിന്റെ 90 ശതമാനം തുക സഞ്ചിതനിധിയിൽനിന്ന് നൽകുന്നതാണ് സ്കോളർഷിപ് രീതി.
2017 -18ൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റിലേക്കും ഏകീകൃത ഫീസാക്കിയിരുന്നു. ഉയർന്ന ഫീസ് ഘടന നിലവിൽ വന്നതോടെയാണ് നിർധന വിദ്യാർഥികളുടെ പഠനത്തിനായി സ്കോളർഷിപ് നൽകാൻ തീരുമാനിച്ചത്. 2019-20 അധ്യയന വർഷം വരെ പ്രവേശനം ലഭിച്ച ബി.പി.എൽ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകും. 2020 ജൂലൈ 23ലെ ഉത്തരവിലൂടെ സ്കോളർഷിപ് പദ്ധതി സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈകോടതി അസാധുവാക്കി. ഇതിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രത്യേകാനുമതി ഹരജി തീർപ്പായിട്ടില്ല. 2019- 2020 വരെ പ്രവേശനം നേടിയവർക്ക് സ്കോളർഷിപ് വിതരണത്തിന് ഹൈകോടതി അനുമതി നൽകിയെങ്കിലും 2020-21 മുതൽ പ്രവേശനം ലഭിച്ചവർക്കാണ് സ്കോളർഷിപ് ലഭിക്കാത്തത്. സ്കോളർഷിപ് പ്രതീക്ഷിച്ച് സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടിയവർ ഇതോടെ പ്രതിസന്ധിയിലായി. ആരോഗ്യവകുപ്പിലേക്കും പ്രവേശന പരീക്ഷാ കമീഷണറേറ്റിലേക്കും ഒട്ടേറെ വിദ്യാർഥികളാണ് പരാതി അയക്കുന്നത്.
ഫീസ് നൽകാനാകാതെ വിദ്യാർഥികൾ സ്വാശ്രയ കോളജുകളിൽനിന്ന് പുറത്താകുമെന്ന ഭീഷണിയിലാണ്. ചില വിദ്യാർഥികൾ ആദ്യ വർഷത്തെ ഫീസ് കടംവാങ്ങിയും ബാങ്കുകളിൽനിന്ന് വായ്പയെടുത്തും നൽകിയെങ്കിലും തുടർവർഷങ്ങളിലേത് അടയ്ക്കാനാകാതെ ബുദ്ധിമുട്ടിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.