ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.എസ് റിസർച്ച്
text_fieldsശാസ്ത്രവിഷയങ്ങളിൽ ഗവേഷണ തൽപരരായ പ്ലസ് ടുകാർക്ക് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നാലുവർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്) റിസർച്ച് പ്രോഗ്രാമിന് ചേരാം. കോർ സയൻസിനോടൊപ്പം ഇന്റർഡിസിപ്ലിനറി വിഷയങ്ങളും പഠിച്ച് ബി.എസ് ബിരുദം നേടുന്നവർക്ക് തുടർന്ന് മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാമിലേക്ക് കടക്കാനുള്ള ഓപ്ഷനുമുണ്ട്. ഗവേഷണപഠനത്തിന് പ്രാധാന്യം നൽകുന്ന കോഴ്സുകളാണിത്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://bs-ug.iisc.ac.in ൽ ലഭ്യമാണ്.
യോഗ്യത: ബി.എസ് (റിസർച്ച്) പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യവിഷയമായി പഠിച്ച് മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ (ഫസ്റ്റ് ക്ലാസ്) 2023 വർഷം ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവർക്കും 2024ൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതി/വർഗ വിഭാഗത്തിൽപെടുന്നവർക്ക് മിനിമം പാസ് മാർക്ക് മതിയാകും. അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെട്ടവർക്ക് 250 രൂപ മതി. ഓൺലൈൻ അഡ്മിഷൻ പോർട്ടലിൽ മേയ് ഏഴുവരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സെലക്ഷൻ: 2024 വർഷത്തെ ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, നീറ്റ്-യു.ജി, ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നീ ദേശീയ പരീക്ഷകളിൽ നേടുന്ന യോഗ്യതയുടെ മെരിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 111 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. 10 ശതമാനം സൂപ്പർ ന്യൂമററി ക്വോട്ട സീറ്റുകളിൽകൂടി പെൺകുട്ടികൾക്ക് പ്രവേശനം നൽകും.വാർഷിക ട്യൂഷൻ ഫീസ് 10,000 രൂപ (എസ്.സി/എസ്.ടി വിഭാഗത്തിന് ട്യൂഷൻ ഫീസ് ഇല്ല) അടക്കം വിവിധ ഇനങ്ങളിലായി ആദ്യവർഷം 30,200 രൂപ ഫീസ് അടക്കണം. എസ്.സി/എസ്.ടി വിദ്യാർഥികൾ 20,200 രൂപ നൽകിയാൽ മതി.
പ്രവേശനം ലഭിക്കുന്നവർക്ക് കെ.വി.പി.വൈ/ഇൻസ്പെയർ/ഐ.ഐ.എസ്.സി സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. ബി.എസ് പ്രോഗ്രാമിൽ ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ മേജർ വിഷയങ്ങളിലാണ് പഠനാവസരം. അവസാന സെമസ്റ്റർ ഗവേഷണ പ്രോജക്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.