കായിക പരിശീലനത്തിൽ ബി.എസ്.സി, എം.എസ്.സി
text_fieldsകേന്ദ്ര സർവകലാശാലയായ നാഷനൽ സ്പോർട്സ് യൂനിവേഴ്സിറ്റി, ഇംഫാൽ (മണിപ്പൂർ) 2024-25 വർഷത്തെ ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശനപരീക്ഷ, കായിക ക്ഷമതാ പരീക്ഷ, സ്പോർട്സ് പ്രാവീണ്യം മുതലായവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ജൂലൈ ഒമ്പതിനാണ് പ്രവേശന പരീക്ഷ. 30 ശതമാനം സീറ്റുകൾ വനിതകൾക്കാണ്.
ബി.എസ്.സി (സ്പോർട്സ് കോച്ചിങ്): ആർച്ചറി, അത്‍ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്, ഫുട്ബാൾ, ഷൂട്ടിങ്, സ്വിമ്മിങ്, വെയ്റ്റ്ലിഫ്റ്റിങ് (നാലുവർഷം). സീറ്റുകൾ: 80. യോഗ്യത: 45 ശതമാനം മാർക്കോടെ പ്ലസ്ടു . കായികനേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവരാകണം.
ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (ബി.പി.ഇ.എസ്): (മൂന്നുവർഷം). യോഗ്യത: 45 ശതമാനം മാർക്കോടെ പ്ലസ്ടു. മുകളിലെ രണ്ടു കോഴ്സുകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് പ്ലസ് ടുവിന് 40 ശതമാനം മാർക്ക് മതി.
എം.എസ്.സി (സ്പോർട്സ് കോച്ചിങ്): (രണ്ടുവർഷം). യോഗ്യത: ബിരുദവും സ്പോർട്സ് കോച്ചിങ് ഡിപ്ലോമയും അല്ലെങ്കിൽ BPED/BPES/ബി.എസ്.സി സ്പോർട്സ് കോച്ചിങ് ബിരുദവും സ്പോർട്സ് കോച്ചിങ് ഡിപ്ലോമയും. നാലുവർഷത്തെ ബി.എസ്.സി സ്പോർട്സ് കോച്ചിങ് ബിരുദമുള്ളവർക്ക് സ്പോർട്സ് കോച്ചിങ് ഡിപ്ലോമ വേണമെന്നില്ല.
യോഗ്യത പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ദേശീയ സ്പോർട്സ് പങ്കാളിത്തം അഭിലഷണീയം. അത്‍ലറ്റിക്സ്, ആർച്ചറി, ബാഡ്മിന്റൺ, ബോക്സിങ്, ഫുട്ബാൾ, ഷൂട്ടിങ്, സ്വിമ്മിങ്, വെയ്റ്റ്ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് പ്രവേശനം.
എം.എ സ്പോർട്സ് സൈക്കോളജി: (രണ്ടുവർഷം). യോഗ്യത: ബി.പി.എഡ്/ബി.എ (സൈക്കോളജി), ബി.പി.ഇ.എസ്/ബി.എസ്.സി സ്പോർട്സ് കോച്ചിങ് 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. സ്പോർട്സ്/ഗെയിംസ് പങ്കാളിത്തം അഭിലഷണീയം.
മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.ഇ.എസ്): (രണ്ടുവർഷം). യോഗ്യത: ബി.പി.ഇ.എസ്/തത്തുല്യ ബിരുദം 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
എം.എസ്.സി അപ്ലൈഡ് സ്പോർട്സ് ന്യൂട്രീഷൻ: (രണ്ടുവർഷം). യോഗ്യത: ബിരുദം (ന്യൂട്രീഷൻ/ഹോം സയൻസ്/ഫുഡ് സയൻസ്/സ്പോർട്സ് സയൻസ്/ബയോ കെമിസ്ട്രി, സുവോളജി മുതലായ വിഷയങ്ങളിൽ) ബി.എ.എം.എസ്/ബി.പി.ഇ.എസ് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
അപേക്ഷഫീസ് 1000 രൂപ. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.nsu.ac.inൽ. ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.