ബി.ടെക് പരീക്ഷഫലം പിൻവലിച്ചിട്ടില്ല; കോളജുകളുടെ വിജയശതമാനത്തിൽ മാറ്റം -കെ.ടി.യു
text_fieldsതിരുവനന്തപുരം: ബി.ടെക് പരീക്ഷഫലം പിൻവലിച്ചെന്ന വാർത്ത വസ്തുത വിരുദ്ധമാണെന്ന് സാങ്കേതിക സർവകലാശാല (കെ.ടി.യു) വാർത്തക്കുറിപ്പിൽ അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം വിജയശതമാനത്തെപ്പറ്റി ചില കോളജുകളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇത് കൂടി പരിഗണിച്ച് പുതുക്കിയ ഫലത്തിൽ ചില കോളജുകളുടെ വിജയ ശതമാനത്തിലും അക്കാദമിക് പെർഫോമൻസ് ഇൻഡക്സിൽ നേരിയ മാറ്റങ്ങൾ ഉണ്ടാകാമെന്നും സർവകലാശാല അറിയിച്ചു. വിദ്യാർഥികളുടെ ആക്ടിവിറ്റി പോയന്‍റുകൾ നിശ്ചിത സമയത്തിനകം പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ കോളജുകൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ചില കോളജുകൾ പ്രത്യേകം നിർദേശം നൽകിയിട്ടും സമയബന്ധിതമായി ആക്ടിവിറ്റി പോയന്‍റുകൾ അപ്ലോഡ് ചെയ്തിരുന്നില്ല. ആക്ടിവിറ്റി പോയന്‍റുകൾ കൂടി അപ്ലോഡ് ചെയ്ത കോളജുകളിലെ വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപനത്തിനായി പരിഗണിച്ചത്.
നിശ്ചിത സമയത്തിന് ശേഷം ആക്ടിവിറ്റി പോയന്‍റുകൾ സമർപ്പിച്ച കോളജുകളുടെ ഫലം പൂർണമായിരുന്നില്ല. ജൂലൈ 31 വരെ സമർപ്പിച്ച വിവരങ്ങളെല്ലാം പരിഗണിച്ച് ബി.ടെക് ഫലത്തിന്‍റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ വൈസ് ചാൻസലർ അനുമതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം വിവിധ കോളജുകളുടെ പുതുക്കിയ വിജയശതമാനവും അക്കാദമിക് പെർഫോമൻസ് ഇൻഡക്സും കോഴ്സ് തിരിച്ചുള്ള വിജയശതമാനവും സർവകലാശാല പോർട്ടലിൽ വീണ്ടും പ്രസിദ്ധീകരിച്ചതായും സർവകലാശാല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.