ബി.ടെക് ഇന്റേൺഷിപ് ഏഴാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞാൽ തുടങ്ങാം
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ബി.ടെക് വിദ്യാർഥികൾക്ക് അനുമതി നൽകിയ ഇന്റേൺഷിപ് ഏഴാം സെമസ്റ്റർ പരീക്ഷ പൂർത്തിയാകുമ്പോൾ ആരംഭിക്കാം. കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ/എൽ.എസ്.ജി വകുപ്പുകൾ, സ്വകാര്യമേഖലാ വ്യവസായങ്ങൾ എന്നിവയിൽ ഇന്റേൺഷിപ് നേടാം.
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് നേടുന്ന വിദ്യാർഥികൾക്ക് മാസം 10,000 രൂപ സ്റ്റൈപൻഡ് ഉണ്ടായിരിക്കണം. സർവകലാശാലയുടെ പ്രത്യേക അനുമതി കിട്ടിയാൽ മാത്രമേ കുറഞ്ഞ സ്റ്റൈപൻഡിൽ ഇന്റേൺഷിപ് ചെയ്യാൻ സാധ്യമാകൂ.
ഇന്റേൺഷിപ് വാഗ്ദാനം ചെയ്യുന്ന വ്യവസായസ്ഥാപനങ്ങൾക്ക് ബി.ടെക് ലെവൽ ഇന്റേൺഷിപ് നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളും വൈദഗ്ധ്യവും ഉണ്ടായിരിക്കണമെന്ന് കോളജുകൾ ഉറപ്പാക്കണം.
ഇന്റേൺഷിപ്പിന് അർഹരായ വിദ്യാർഥികൾക്ക് അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ ലഭിക്കാൻ എട്ടാം സെമസ്റ്ററിൽ ഓൺലൈൻ/സ്പെഷൽ ക്ലാസുകൾ നടത്തുന്നത് കോളജുകൾ ഉറപ്പാക്കണം. വിദ്യാർഥികൾക്ക് വ്യക്തിഗതമായോ ടീമായോ ഇന്റേൺഷിപ് ഏറ്റെടുക്കാം. ഇന്റേൺഷിപ് റിപ്പോർട്ട് ഫൈനൽ ഇയർ പ്രോജക്ടായി പരിഗണിക്കാവുന്നതാണ്.
ഇന്റേൺഷിപ് ആരംഭിച്ച് രണ്ട് ആഴ്ചക്കുള്ളിൽ ഇന്റേൺഷിപ് അവസാനിപ്പിച്ച് റെഗുലർ ക്ലാസുകളിൽ വീണ്ടും ചേരാനുമുള്ള അപേക്ഷ സമർപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. നിലവിലെ ഇന്റേൺഷിപ് കാലയളവിലെ കുറവ് മൂലം പല ബഹുരാഷ്ട്ര കമ്പനികൾക്കും എൻജിനീയറിങ് വിദ്യാർഥികളെ ഇന്റേൺഷിപ്പിനായി തെരഞ്ഞെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സർവകലാശാലയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഇന്റേൺഷിപ് കാലയളവ് കൂട്ടാൻ സർവകലാശാല തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.