ബി.ടെക് ലാറ്ററൽ എൻട്രി; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് എൻട്രൻസ് ഒഴിവാക്കി
text_fieldsതിരുവനന്തപുരം: ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിനും എൻട്രൻസ് പരീക്ഷ പാസാകണമെന്ന നിബന്ധന ഒഴിവാക്കി. ഈ വർഷം മുതൽ ഒഴിഞ്ഞുകിടക്കുന്ന ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ പാസാകാത്തവർക്കും പ്രവേശനം നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത കോസ്റ്റ് ഷെയറിങ്, സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് ഉത്തരവ് ബാധകമാണ്. ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ പാസായവർക്കാണ് ബി.ടെക് കോഴ്സിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി അനുവദിക്കുന്നത്. ഇതിനായി പോളി ഡിപ്ലോമ പാസായവർക്ക് പ്രത്യേക പരീക്ഷ (ലെറ്റ്) നടത്തി റാങ്ക് പട്ടിക തയാറാക്കുകയും ചെയ്യാറുണ്ട്. ഈ പട്ടികയിൽനിന്നാണ് മെറിറ്റടിസ്ഥാനത്തിൽ ലാറ്ററൽ എൻട്രി അനുവദിച്ചിരുന്നത്.
ഇതോടെ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണെന്നും പോളി ഡിപ്ലോമ പാസായവർക്കെല്ലാം പ്രവേശനത്തിന് അവസരമൊരുക്കണമെന്നും കേരള സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ സർക്കാറിന് നിവേദനം നൽകിയിരുന്നു.
ഒഴിവുള്ള ബി.ടെക് സീറ്റിൽ പ്രവേശനത്തിന് കീം റാങ്ക് പട്ടികയിൽ ഉൾപ്പെടണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കിയിരുന്നു. ഇതുപ്രകാരം എൻട്രൻസ് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് ഈ വർഷം മുതൽ പ്രവേശനം അനുവദിച്ചിരുന്നു. ഈ ഇളവ് ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിനുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. മെറിറ്റടിസ്ഥാനത്തിലായിരിക്കണം പ്രവേശനമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഫലം ലഭിക്കണമെങ്കിൽ പ്രവേശന പ്രക്രിയയുടെ തുടക്കത്തിൽതന്നെ ഉത്തരവുകൾ ഉണ്ടാകണമെന്ന് സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.